കോട്ടയം: സംസ്ഥാനത്ത് വിവിധതരം സൈബർ തട്ടിപ്പുകൾ വർധിച്ചതോടെ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യുന്ന കേസുകളും കുതിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സൈബർ കുറ്റങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ വൻ വർധനയുണ്ടായതായാണ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ.
കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ സൈബർ ആക്രമണങ്ങളും വർധിച്ചു. പല സൈബർ തട്ടിപ്പുകളും കണ്ടെത്തി പിടികൂടാൻ പരിമിതിയുണ്ടെന്നും ഇവയിൽ പിന്നിൽ പ്രവർത്തിക്കുന്ന സംഘങ്ങൾ രാജ്യത്തിന് പുറത്തുള്ളവരാണെന്നും അവർ പറയുന്നു.
സൈബർ കുറ്റകൃത്യങ്ങളിൽ വലിയ മാറ്റം വരുന്നതായി പൊലീസ് പറഞ്ഞു. മുമ്പ് മോർഫിങ് ഉൾപ്പെടെയുള്ള കേസുകളായിരുന്നെങ്കിൽ ഇപ്പോൾ സാമ്പത്തിക തട്ടിപ്പുകൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ വർധിച്ചു. കഴിഞ്ഞ എട്ട് വർഷമായി സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത സൈബർ കേസുകളുടെ എണ്ണം പരിശോധിച്ചാൽ ഇത്തരം തട്ടിപ്പുകളുടെ വ്യാപ്തി വ്യക്തമാകും.
2016 ൽ 283 കേസുകൾ രജിസ്റ്റർ ചെയ്തിരുന്ന സ്ഥാനത്ത് ഈവർഷം ആഗസ്റ്റ് വരെയുള്ള കണക്ക് പരിശോധിച്ചാൽ 960 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ’17 ൽ 320 ഉം ’18 ൽ 340 ഉം ’19 ൽ 307 ഉം 2020 ൽ 426 ഉം ’21 ൽ 626 ഉം ’22 ൽ 815 ഉം കേസുകൾ രജിസ്റ്റർ ചെയ്തതായാണ് ഔദ്യോഗിക കണക്ക്.
2020 മുതൽ നാല് വർഷത്തെ കണക്കെടുത്താൽ സൈബർ തട്ടിപ്പുകളുടെ രൂക്ഷത വ്യക്തമാകും. സൈബർ തട്ടിപ്പുകൾക്ക് വിധേയരാകുന്നവരുടെ എണ്ണം നിരവധിയാണെങ്കിലും പലരും മാനഹാനി ഭയന്ന് പരാതി നൽകുന്നില്ലെന്നും പൊലീസ് പറയുന്നു.
ഓൺലൈൻ വഞ്ചന, അശ്ലീല വിഡിയോ നിർമാണം, ഹാക്കിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് കേസുകൾ ഏറെയും. ഈയിടെയായി സാമ്പത്തിക തട്ടിപ്പുകളിലും കാര്യമായ വർധന വന്നതായി പൊലീസ് പറയുന്നു. ഗുരുതരവും സംഘടിതവുമായ സൈബർ കുറ്റ കൃത്യങ്ങൾ തടയുന്നതിനും കണ്ടെത്താനായി 2006 മുതൽ ഹൈ-ടെക് ക്രൈം എൻക്വയറി സെൽ പ്രവർത്തിക്കുന്നുണ്ട്.
ഇതുവഴി സൈബർ കുറ്റകൃത്യങ്ങൾ ഒരു പരിധി വരെ കണ്ടെത്താൻ സാധിക്കുന്നുണ്ട്. എന്നാൽ, അതിലും പരിമിതിയുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ സമ്മതിക്കുന്നു. ലോൺ ആപ് തട്ടിപ്പുകളിൽ കാര്യമായ വർധനയുണ്ടായ സാഹചര്യത്തിൽ അനധികൃതമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ആപ്പുകൾ പൂർണമായും നിരോധിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.