കോഴിക്കോട്: ക്രിസ്മസ്, ന്യൂ ഇയർ കാലം കഴിഞ്ഞിട്ടും സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിക്കുന്നു. ഒരു കിലോ കോഴിയിറച്ചിക്ക് 280-290 രൂപയാണ് കോഴിക്കോട്ട് ഇന്നത്തെ വില. കിലോക്ക് 180 വരെയാണ് ചില്ലറ വിൽപ്പന. ഒരു മാസത്തിനിടെ ഇറച്ചിക്കോഴിക്ക് 50ലേറെ രൂപയാണ് വർധിച്ചത്. വരുദിവസങ്ങളിലും വില കൂടാനാണ് സാധ്യത.
രണ്ടാഴ്ച മുമ്പ് ബ്രോയിലർ കോഴിയിറച്ചിക്ക് 200 രൂപയായിരുന്നു വില. ലഗോൺ ഇറച്ചിക്ക് കിലോക്ക് 230 രൂപയായി. സ്പ്രിങ്ങിന് കിലോക്ക് 340 രൂപയായി വർധിച്ചു. വൻകിട ഫാമുടമകൾ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില ഉയർത്തുകയാണെന്നാണ് ചെറുകിട വ്യാപാരികൾ പ്രതികരിച്ചത്.
തമിഴ്നാട് ലോബിയുടെ നിയന്ത്രത്തിലുള്ള വന്‍കിട ഫാമുടമകള്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില കുത്തനെ ഉയര്‍ത്തുകയാണെന്ന് വ്യാപാരികൾ ആരോപിച്ചു. വിലക്കയറ്റം വ്യാപാരികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ കടയപ്പ് സമരമടക്കമുള്ള സമരത്തിലേക്ക് കടക്കുമെന്നും ചിക്കൻ വ്യാപാരി സമിതി ഭാരവാഹി ഫിറോസ് പൊക്കുന്ന് അറിയിച്ചു.
മൂന്നാഴ്ച മുമ്പ് 170 ആയിരുന്ന വിലയാണ് ഇപ്പോൾ 120 രൂപ വർധിച്ച 290ലെത്തിയത്. ക്രിസ്മസ്, ന്യൂ ഇയര്‍, ആഘോഷ കാലത്ത് വില വർധന പതിവാണ്. എന്നാൽ ഇത്തരത്തിലൊരു വില വർധന ഇതുവരെയുടെണ്ടായിട്ടില്ലെന്നും ഫിറോസ് പറഞ്ഞു.
കോഴി മുട്ടക്കും വില കുതിക്കുകയാണ്. ഉത്തരേന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും കോഴിമുട്ടക്ക് ഡിമാൻഡ് കൂടിയതോടെയാണ് കേരളത്തിലും കോഴിമുട്ടക്ക് വില കുതിക്കുന്നത്. ചിലയിടങ്ങളിൽ ഒരു കോഴിമുട്ടക്ക് 10 രൂപ വരെ ഈടാക്കുന്നുണ്ട്.
ഒരുദിവസം വേണ്ടത് 24 ലക്ഷം കിലോ കോഴി
സീസൺ കാലയളവിൽ കേരളത്തിൽ പ്രതിദിനം ശരാശരി വിൽക്കുന്നത് 24 ലക്ഷം കിലോയോളം ഇറച്ചിക്കോഴിയാണ്. മറ്റ് സമയങ്ങളിൽ 20 ലക്ഷം കിലോവരെയാണ്.
മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് കൂടുതൽ വിൽപന. പ്രതിദിനം രണ്ടരലക്ഷം കിലോയിലധികം ഈ ജില്ലകളിൽ വിൽക്കുന്നു. തിരുവനന്തപുരം, തൃശൂർ, കണ്ണൂർ ജില്ലകളിൽ രണ്ടേകാൽ ലക്ഷം കിലോയോളം വിൽപന നടക്കുന്നുണ്ട്. കൊല്ലം, കോട്ടയം ഒന്നര ലക്ഷം, പാലക്കാട്, കാസർകോട് ഒന്നേകാൽ ലക്ഷം, ആലപ്പുഴ ഒരുലക്ഷം, പത്തനംതിട്ട, ഇടുക്കി 75,000, വയനാട് 60,000 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ഏകദേശ കണക്ക്.
