തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിലില്ലായ്മ 2017-18 ൽ 11.4 ശതമാനമായിരുന്നത് 2023-24 ൽ 7.2 ശതമാനമായി കുറഞ്ഞുവെന്ന് നിയമസഭയിൽ നജീബ് കാന്തപുരത്തിന് മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകി.
കഴിഞ്ഞ അഞ്ച് വർഷം (2019 മുതൽ 2023 വരെ) പി.എസ്.സി മുഖേന ആകെ 1,44,563 ഉദ്യോഗാർഥികൾക്ക് നിയമന ശിപാർശ നൽകി. പീരിയോഡിക് ലേബർ മെത്തഡോളജി സർവേ പ്രകാരം 15 മുതൽ 29 വയസുവരെയുള്ളവരുടെ തൊഴിലില്ലായ്മ കണക്കാണ് എടുക്കുന്നത്.
കേരളത്തിലെ യുവാക്കൾ ഏതാണ്ട് 21-22 വയസുവരെ എല്ലാവരും വിദ്യാഭ്യാസം ചെയ്യുന്നവരാണ്. എന്നാൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രാഥമിക വിദ്യാഭ്യാസം പോലും ചെയ്യാൻ സാഹചര്യമില്ല. അതിനാൽ ഈ പ്രായത്തിൽ തൊഴിൽ ചെയ്യാൻ നിർബന്ധിതരാണ് യുവാക്കൾ. കേരളത്തേക്കാൾ തൊഴിലില്ലായ്മ നിരക്ക് കുറവുള്ള ജാർഖണ്ഡിലെ യുവാക്കൾ കേരളത്തിലാണ് തൊഴിൽ തേടിയെത്തുന്നത് എന്നത് ഇതിന് ഉദാഹരണമാണ്.
അതിനാൽ പ്രായം അടിസ്ഥാനമായി രാജ്യത്ത് കണക്കാക്കുന്ന തൊഴിലില്ലായ്മ നിരക്ക് കേരളത്തെ സംബന്ധിച്ച് ശാസ്ത്രീയമായും പ്രായോഗികമായും പരിഗണിക്കാൻ കഴിയുന്നതല്ല. അതോസമയം, 2017-18 ൽ 11.4 ശതമാനം ആയിരുന്ന കേരളത്തിന്റെ തൊഴിലില്ലായ്മ നിരക്ക് 2023-24 ൽ 7.2 ശതമാനം ആയി കുറവ് വരുത്താൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു.