പത്തനംതിട്ട: മാരിയില്ലാ മഴക്കാലം പ്രഖ്യാപത്തിനിടയിലും സംസ്ഥാനത്ത് പടർന്ന് പിടിച്ച് പകർച്ച വ്യാധികൾ. പത്തനംതിട്ടയില്‍ എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. പത്തനംതിട്ട അടൂർ പെരിങ്ങനാട് സ്വദേശി രാജൻ ആണ് മരിച്ചത്. 60 വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു രാജൻ.
ഒരു ഡെങ്കിപ്പനി മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. പാലക്കാട് കല്ലടിക്കോട് സ്വദേശി ജിനുമോൻ (32) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ഒരാഴ്ച്ച മുന്‍പാണ് ജിനുവിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം. സംസ്ഥാനത്ത് പതിനൊന്നായിരത്തിലധികം പേർക്കാണ് ദിവസവും പനി ബാധിക്കുന്നത്.
13 പേർക്കാണ് എലിപ്പനിയുടെ ലക്ഷണങ്ങൾ ഉള്ളത്. ഈ വർഷം എലിപ്പനി മരണം 27 കടന്നു. മലേറിയ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, മുണ്ടിനീര് ഇവയും സംസ്ഥാനത്ത് പകരുന്നുണ്ട്. പകർച്ച വ്യാധി മരണങ്ങൾ സ്ഥിരീകരിച്ച് കണക്കിൽപ്പെടുത്തുന്നത് വൈകുന്നതിനാൽ ഇത് യഥാർത്ഥ ചിത്രമല്ലെന്ന വിമർശനവും ശക്തമാണ്. ചികിത്സാ സൗകര്യങ്ങൾ കൂടുതലുള്ള എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളേക്കാൾ കൂടുതലാണ് മലപ്പുറത്ത് മാത്രമുള്ള പനി ബാധിക്കുന്നവരുടെ എണ്ണം. ഇന്നലെ സംസ്ഥാനത്ത് ഏറ്റവുമധികം പേർ പനി ബാധിച്ച് ചികിത്സ തേടിയത് മലപ്പുറത്താണ്. 1650 പേര്‍ക്കാണ് ജില്ലയില്‍ പനി ബാധിച്ചത്.