സംസ്ഥാനത്ത് പുകപരിശോധന നടത്താതെ നിരത്തിലോടുന്ന വാഹനങ്ങൾ ഏറുന്നു. എന്നാൽ മോട്ടോർവാഹന വകുപ്പിന്റെ കൈയിൽ പുതിയ കണക്കില്ല. പുകപരിശോധനാ സർട്ടിഫിക്കറ്റില്ലാത്തതിനാൽ 2023-ൽ മോട്ടോർവാഹന വകുപ്പ് രജിസ്റ്റർ ചെയ്തത് 17,974 കേസുകളാണ്. അതിനുശേഷമുള്ള കണക്ക് വകുപ്പ് ക്രോഡീകരിച്ചിട്ടില്ല. വിവരാവകാശ പ്രവർത്തകൻ കെ.ഗോവിന്ദൻ നമ്പൂതിരിക്ക് മോട്ടോർവാഹന വകുപ്പ് (എൻഫോഴ്സ്‌മെന്റ്) നൽകിയ വിവരാവകാശ രേഖയിലാണ് ഈ മറുപടി.
2021-ൽ പിടിച്ച വാഹനങ്ങളുടെ ഇരട്ടിയിലധികമാണ് 2023-ൽ പിടിച്ച് കേസെടുത്തത്. 2022-ൽ 10,271 വാഹനങ്ങൾ പിടിച്ചു. പിടിച്ചവയിൽ ഭൂരിഭാഗവും പുകപരിശോധനാസർട്ടിഫിക്കറ്റില്ലാത്ത പഴയ വാഹനങ്ങളാണ്.
മൂന്നുവർഷങ്ങളിലായി (2021 മുതൽ 23 വരെ) കോഴിക്കോട് ജില്ലയിലാണ് കൂടുതൽ വാഹനങ്ങൾ പിടിച്ചത്-10,126 കേസുകൾ. 2021-ൽ കോഴിക്കോട്ട് 1328 കേസുകൾ രജിസ്റ്റർചെയ്തു. 2022-ൽ 2026 ആയിരുന്നു. 2023-ൽ ഇത് 6770 ആയി ഉയർന്നു. പാലക്കാട് 949-ൽ നിന്ന് 3049-ലെത്തി. കാസർകോട് 557-ൽനിന്ന് 2200-ലേക്കും കുതിച്ചു. പുകപരിശോധനാ സർട്ടിഫിക്കറ്റില്ലാതെ പിടിച്ച പിഴസംഖ്യയുടെ വിവരവും വകുപ്പിന്റെ കൈയിലില്ല.
പുകപരിശോധനാ സർട്ടിഫിക്കറ്റ്
ബിഎസ് -ആറ്, ബിഎസ്-നാല് വാഹനങ്ങൾ ഒരുവർഷം കഴിഞ്ഞ് വർഷാവർഷം പിയുസിസി എടുക്കണം. അതിനു താഴെയുള്ളവയ്ക്ക് (മലിനീകരണ നിയന്ത്രണ തോത് കൂടുതലുള്ള) ആറുമാസം കൂടുമ്പോൾ പുതുക്കണം. വാഹനം ഓടിക്കുമ്പോൾ നിർബന്ധമായും സർട്ടിഫിക്കറ്റ് വേണം. ഇല്ലെങ്കിൽ ഏഴുദിവസത്തിനകം സർട്ടിഫിക്കറ്റ് എടുത്ത് നൽകണം. ഇല്ലെങ്കിൽ പിഴ നടപടിയുണ്ടാകും.