സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, കനത്തമഴയിൽ വ്യാപക നാശനഷ്ടം

news image
Jul 17, 2024, 6:40 am GMT+0000 payyolionline.in
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കനത്തമഴ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ന് എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

അതേസമയം, കനത്തമഴയിൽ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങളുണ്ടായി. മലപ്പുറം അമരമ്പലം പറയംങ്കാടിൽ കിണർ ഇടിഞ്ഞു താഴ്ന്നു. അമരമ്പലം സ്വദേശി ഉമ്മർ ഫാറൂഖ് ഷാഫിയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ ശക്തമായ മഴയിലാണ് കിണറിന്റെ ഒരു റിംഗോളം താഴ്ന്ന സംഭവമുണ്ടായത്. കിണറിലെ വെള്ളം ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയിലായതാണ് വിവരം. ഇടുക്കിയിൽ നേര്യമംഗലം മുതൽ ഇരുമ്പുപാലം വരെയുള്ള വനമേഖലയിലൂടെയുള്ള യാത്രയ്ക്ക് അധികൃതർ നിയന്ത്രണമേർപ്പെടുത്തി. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചു. അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ കടപുഴകി വീടാനുള്ള സാധ്യതയുണ്ടെന്നും പൊതു ഗതാഗതം ഒഴുകെയുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.

അതിനിടെ, തൃശൂർ അതിരപ്പള്ളി മലക്കപ്പാറ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. അതിരപ്പള്ളി മുക്കം പുഴയിലാണ് മരം റോഡിലേക്ക് വീണത്. വൈദ്യുതി ലൈനുകളും പൊട്ടിവീണു. മരം മുറിച്ചു മാറ്റാനുള്ള ശ്രമം തുടരുകയാണ്. മലപ്പുറം പരപ്പനങ്ങാടി ആനങ്ങാടിയിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. റോഡിലൂടെ വരികയായിരുന്ന കണ്ടെയ്നറിനു മുകളിലേക്കാണ് മരം വീണത്. വാഹനം ഭാഗികമായി തകരുകയായിരുന്നു. ഒന്നൊര മണിക്കൂറോളം  ഗതാഗതം തടസ്സപ്പെട്ടു. പൊലീസും, ഫയർഫോഴ്‌സും, നാട്ടുകാരും ചേർന്ന് മരം എടുത്ത് മാറ്റിയാണ് ​ഗതാ​ഗതം പുനരാരംഭിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe