സംസ്ഥാനത്ത് പോളിങ്ങിനിടെ വ്യാപക അക്രമം; ബൂത്ത് ഏജന്റുമാർക്ക് മർദ്ദനം, മട്ടന്നൂരിൽ കോൺഗ്രസ് മന്ദിരം തകർത്തു

news image
Apr 10, 2026, 3:39 am GMT+0000 payyolionline.in

കോഴിക്കോട്/കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ വ്യാപകമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. കണ്ണൂർ ജില്ലയിലെ ധർമ്മടം, മട്ടന്നൂർ, തലശ്ശേരി, പയ്യന്നൂർ, പേരാവൂർ മണ്ഡലങ്ങളിൽ യുഡിഎഫ് ബൂത്ത് ഏജന്റുമാർക്ക് നേരെ അതിക്രമങ്ങളുണ്ടായി. മട്ടന്നൂരിൽ കോൺഗ്രസ് മന്ദിരം അടിച്ചുതകർത്ത നിലയിലാണ്. അക്രമങ്ങൾക്ക് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് യുഡിഎഫ് ആരോപിച്ചു. കണ്ണൂർ ജില്ലയിൽ മാത്രം നാല് യുഡിഎഫ് ഏജന്റുമാർക്ക് പരിക്കേറ്റു. തളിപ്പറമ്പ് മലപ്പട്ടത്ത് വോട്ട് ചെയ്യാനെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദനെ എൽഡിഎഫ് പ്രവർത്തകർ കൂകിവിളിച്ചത് സംഘർഷത്തിന് കാരണമായി. ഇവിടെയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.

നാദാപുരം, ബാലുശ്ശേരി, കുറ്റ്യാടി മണ്ഡലങ്ങളിലും യുഡിഎഫ് ഏജന്റുമാർക്ക് നേരെ മർദ്ദനമുണ്ടായി. നാദാപുരം വാണിമേലിൽ യുഡിഎഫ് ഏജന്റിനെയും പഞ്ചായത്ത് കൺവീനർ ഉൾപ്പെടെ ആറ് നേതാക്കളെയും സിപിഎം സംഘം ആക്രമിച്ചതായാണ് പരാതി. ഇവരെ നാദാപുരം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റ്യാടി നടുപ്പൊയിലിൽ കള്ളവോട്ട് ചോദ്യം ചെയ്ത യുഡിഎഫ് ഏജന്റുമാരായ രാഹുൽ ചാലിൽ, ഷഫീഖ് എന്നിവർക്ക് മർദ്ദനമേറ്റു. കാസർകോട് ഉദിനൂരിലും പേരാവൂരിലും യുഡിഎഫ് വനിതാ ഏജന്റുമാർക്ക് നേരെ നായ്ക്കുരണപ്പൊടി പ്രയോഗിച്ചതായും പരാതിയുണ്ട്. ഉദിനൂരിൽ പരിക്കേറ്റ രതിലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സംഭവത്തിൽ കേസെടുക്കാൻ ചീഫ് ഇലക്ഷൻ ഓഫീസർ നിർദ്ദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും പോളിങ്ങിനിടെ സംഘർഷങ്ങളുണ്ടായി. തിരുവനന്തപുരം പെരുമാതുറയിൽ ബൂത്തിനകത്ത് പ്രവർത്തകർ കയറിയതിനെച്ചൊല്ലി എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി. പട്ടാമ്പിയിൽ പോളിംഗ് ബൂത്ത് സന്ദർശിക്കാനെത്തിയ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു. മദ്യപിച്ചെത്തിയ സംഘം തന്നെ ആക്രമിച്ചതായി മുഹ്സിൻ പരാതി നൽകി. പേരാമ്പ്രയിൽ വയോധികയായ അയൽവാസിയെ വോട്ട് ചെയ്യിക്കാൻ സഹായിക്കാനെത്തിയ സ്ത്രീയെ സിപിഎം നേതാവ് മർദ്ദിച്ചതായും ആക്ഷേപമുണ്ട്. തളിപ്പറമ്പ്, മട്ടന്നൂർ മണ്ഡലങ്ങളിൽ എൻഡിഎ ഏജന്റുമാർക്ക് നേരെയും ആക്രമണമുണ്ടായതായി പരാതിയുയർന്നിട്ടുണ്ട്. വോട്ടെടുപ്പ് അവസാനിച്ചെങ്കിലും പലയിടങ്ങളിലും ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe