സംസ്ഥാനത്ത് മണ്‍സൂണ്‍ മഴ 14% കുറഞ്ഞു; ഏറ്റവും കുറവ് മൂന്നു ജില്ലകളില്‍

news image
Oct 5, 2022, 4:24 am GMT+0000 payyolionline.in

തിരുവനന്തപുരം∙ സംസ്ഥാനത്ത് മണ്‍സൂണ്‍ മഴ 14% കുറഞ്ഞെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മഴ നന്നായി കുറഞ്ഞപ്പോള്‍ 11 ജില്ലകളില്‍ സാധാരണ രീതിയിലുള്ള മഴ കിട്ടി. ഒാഗസ്റ്റില്‍ കണ്ണൂര്‍ ജില്ലയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിലുണ്ടായത് മേഘവിസ്ഫോടനം കൊണ്ടല്ലെന്ന‌ു പറയുന്ന കൊച്ചി സര്‍വകലാശാലയുടെ റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്.

 

ഒാഗസ്റ്റ് ഒന്നാം തീയതിയാണ് കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലകളായ കണിച്ചാറിലും കോളയാട്ടും മഴയും മണ്ണിടിച്ചിലും ഉണ്ടായത്. 27 സ്ഥലങ്ങളിലാണ് ഒരു ദിവസം മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തത്. മൂന്നുപേരുടെ ജീവനെടുത്ത ഈ അപകടം മേഘ വിസ്ഫോടനം കൊണ്ടല്ല തുടര്‍ച്ചയായ മഴകൊണ്ടുണ്ടായ മണ്ണിടിച്ചില്‍ കാരണമാണെന്ന് കൊച്ചി സര്‍വകലാശാലയുടെ കാലാവസ്ഥാ പഠനവിഭാഗം പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നു.

ഈ പ്രദേശത്ത് ജൂലൈ മാസത്തില്‍ സാധാരണയേക്കാള്‍ 40% വരെ അധികം മഴ കിട്ടി. ഒാഗസ്റ്റ് ഒന്നിന് 24 മണിക്കൂറിനുള്ളില്‍ 6 മുതല്‍ 11 സെന്‍റിമീറ്റര്‍ വരെ മഴയും ഇവിടെ പെയ്തു. ഇതോടെയാണു വ്യാപകമായി മണ്ണിടിഞ്ഞത്. തുടര്‍ച്ചയായ മഴകിട്ടുന്ന മലയോര പ്രദേശങ്ങളില്‍ ഖനനം, ഭൂവിനിയോഗം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ അതീവ ജാഗ്രത പാലിക്കണമെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു.

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ അവസാനം വരെ നീണ്ട ഇത്തവണത്തെ മണ്‍സൂണ്‍ കാലത്ത് സംസ്ഥാനത്ത് 1736 മില്ലീമീറ്റര്‍ മഴ കിട്ടി. ഇത് സാധാരണ ഈ കാലയളവില്‍ ലഭിക്കേണ്ടതിനെക്കാള്‍ 14% കുറവാണ്. ഒക്ടോബര്‍ 20ാം തീയതിയോടെ കാലവര്‍ഷം കേരളത്തില്‍ നിന്ന് പിന്‍വാങ്ങുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe