സംസ്ഥാനത്ത് വനം കൈയേറ്റം അരശതമാനത്തിൽ താഴെയെന്ന് വനം വകുപ്പ്

news image
Jun 16, 2023, 5:39 am GMT+0000 payyolionline.in

തൊടുപുഴ: കേരളത്തിലെ ആകെ വനത്തിൽ കൈയേറ്റക്കാരുടെ പക്കലുള്ളത് അര ശതമാനത്തിൽ താഴെയെന്ന് വനം വകുപ്പിന്‍റെ കണക്ക്. സംസ്ഥാന വനംവകുപ്പ് ഏറ്റവുമൊടുവിൽ പുറത്തിറക്കിയ സ്ഥിതിവിവരക്കണക്ക് പ്രകാരം കേരളത്തിലെ ആകെ വനവിസ്തൃതി 11,524.91 ചതുരശ്രകിലോമീറ്ററാണ്. ഇതിൽ കൈയേറിയതായി കാണിച്ചിരിക്കുന്നത് 50.25 ചതുരശ്രകിലോമീറ്റർ വനമാണ് -ആകെ വനഭൂമിയുടെ 0.4 ശതമാനം. വനംവകുപ്പിന്‍റെ കണക്കിൽ ഓരോ ജില്ലയിലെയും വനം കൈയേറ്റം (ഹെക്ടറിൽ): തിരുവനന്തപുരം -0.59, കൊല്ലം -1.68, പത്തനംതിട്ട -12.33, കോട്ടയം -105.88, ഇടുക്കി -1462.50, എറണാകുളം -561.70, തൃശൂർ -191.95, മലപ്പുറം -659.99, പാലക്കാട് -939.62, കോഴിക്കോട് -64.2, വയനാട് -948.77, കണ്ണൂർ -52.66, കാസർകോട് -22.67. ആകെ 5024.65 ഹെക്ടർ.

ഏറ്റവും കൂടുതൽ വനം കൈയേറിയത് ഇടുക്കിയിലാണ്. പെരിയാർ ഈസ്റ്റ് വനം ഡിവിഷനിൽ 4.39 ഹെക്ടർ, മറയൂർ ഡിവിഷനിൽ 0.03, മാങ്കുളം ഡിവിഷനിൽ 358.43, മൂന്നാർ ഡിവിഷനിൽ 1099.65 ഹെക്ടർ എന്നിങ്ങനെയാണ് ഇതിന്‍റെ തോത്. കൈയേറിയെന്ന് വനം വകുപ്പ് പറയുന്ന 5024.65 ഹെക്ടർ പ്രത്യേകം അളന്നുതിരിച്ചിടുകയും നിയന്ത്രണങ്ങൾ ആ ഭാഗത്തിനുമാത്രം നിജപ്പെടുത്തുകയും ചെയ്യുന്നതോടെ കേരളത്തിലെ വനം കൈയേറ്റം സംബന്ധിച്ച പ്രശ്നങ്ങൾക്ക് ഏറക്കുറെ പരിഹാരമാകുമെന്ന് കർഷക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

വസ്തുതകൾ ഇങ്ങനെയായിരിക്കെയാണ് മൂന്നാറിലും സമീപ പഞ്ചായത്തുകളിലും ഹൈകോടതി നിർമാണ നിയന്ത്രണം ഏർപ്പെടുത്തിയത്. ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പാക്കുന്നതുവരെ ദേവികുളം, ഉടുമ്പൻചോല, പീരുമേട് താലൂക്കുകളിലെ ഭൂമി ഇടപാടുകളും നിർമാണങ്ങളും തടയണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്ടെ വൺ എർത്ത് വൺ ലൈഫ് എന്ന സംഘടന നൽകിയ ഹരജിയിലായിരുന്നു നടപടി. മൂന്നാർ വിഷയം മാത്രം പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് പ്രത്യേക അധികാരം ഉപയോഗിച്ച് രൂപവത്കരിച്ച പ്രത്യേക ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

മൂന്നാറിലും സമീപ പഞ്ചായത്തുകളായ ചിന്നക്കനാൽ, ശാന്തൻപാറ, മാങ്കുളം, പള്ളിവാസൽ, ഉടുമ്പൻചോല, ബൈസൺവാലി, വെള്ളത്തൂവൽ, ദേവികുളം എന്നിവിടങ്ങളിലുമാണ് മൂന്നു നിലയിൽ കൂടുതലുള്ള കെട്ടിടങ്ങളുടെ നിർമാണം താൽക്കാലികമായി തടഞ്ഞത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട 40ഓളം കേസുകൾ പ്രത്യേക ബെഞ്ചിന്‍റെ പരിഗണനയിലുണ്ട്. ഇവയിലുണ്ടാകുന്ന വിധികൾ എത്രമാത്രം പ്രതികൂലമാകുമെന്ന ആശങ്കയിലാണ് കുടിയേറ്റ കർഷകർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe