തിരുവനന്തപുരം: സംസ്ഥാനത്ത് വാരിക്കോരി ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ട്രാൻസ് സ്ത്രീകൾ അടക്കമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് സഹായം ലഭ്യമാവുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ ഏതെങ്കിലും സഹായം കിട്ടാത്ത സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ സ്ത്രീ സുരക്ഷ പെൻഷൻ നൽകുമെന്നും യുവാക്കൾക്ക് സ്കോളർഷിപ്പ് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രതി വർഷം ഒരു ലക്ഷം രൂപയിൽ താഴെ വരുമാനം ഉള്ളവർക്കാണ് പ്രതിമാസം 1000 രൂപ സ്കോളർഷിപ്പ് നൽകുക. ക്ഷേമ പെൻഷൻ 400 രൂപ വർധിപ്പിച്ച് 2000 ആക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് വാരിക്കോരിയുള്ള പ്രഖ്യാപനം.
കുടുംബ എഡിഎസുകൾക്കുള്ള ഗ്രാന്റ് പ്രതിമാസം ആയിരം രൂപയാക്കി. സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ഡിഎ കൂട്ടി. പെൻഷൻകാർക്കും ആശ്വാസമുള്ളതാണ് പ്രഖ്യാപനം. നവംബർ മാസം തന്നെ ഇത് വിതരണം ചെയ്യും. അംഗനവാടി വർക്കർ, ഹെല്പർ എന്നിവർക്കുള്ള ഓണറേറിയം ആയിരം രൂപ കൂട്ടി. സാക്ഷരതാ പ്രേരക് മാരുടെ ഓണറേറിയവും ആശമാർക്ക് 1000 രൂപ കൂട്ടി പ്രതി മാസ ഓണറേറിയം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആയമാരുടെ പ്രതിമാസ വേതനം ആയിരം രൂപ കൂട്ടിയതായും നെല്ലിന്റ സംഭരണ വില 30 രൂപ ആക്കി വർധിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            