സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു

news image
Jan 6, 2026, 4:37 am GMT+0000 payyolionline.in

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. ആഗോളരംഗത്ത് അനിശ്ചിതാവസ്ഥകൾ തുടരുന്നതിനിടയിലാണ് വിലയിൽ വീണ്ടും വർധന രേഖപ്പെടുത്തിയിരിക്കുന്നത്. ​ഗ്രാമിന് 55 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. 12,725 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില ഉയർന്നത്. പവന് 440 രൂപയുടെ വർധനയും രേഖപ്പെടുത്തി. 1,01,800 രൂപയായാണ് പവന്റെ വില വർധിച്ചത്.

ആഗോള വിപണിയിലും സ്വർണവില വർധിക്കുകയാണ് സ്​പോട്ട് ഗോൾഡിന്റെ വില ഔൺസിന് 4,466 ഡോളറായി ഉയർന്നു. 133 ഡോളറിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. 3.10 ശതമാനമാണ് സ്​പോട്ട് ഗോൾഡിന്റെ വിലയിലുണ്ടായ വർധന. വെനസ്വേലയിൽ ഉണ്ടായ രാഷ്ട്രീയസാഹചര്യം തന്നെയാണ് സ്വർണത്തിന്റെ വില ഉയർത്തുന്ന പ്രധാനകാരണം.

രാഷ്ട്രീയഅനിശ്ചിതത്വം മൂലം സുരക്ഷിതനിക്ഷേപമായി എല്ലാവരും സ്വർണത്തെ പരിഗണിക്കുന്നതാണ് വില ഉയരുന്നതിന് ഇടയാക്കുന്നത്. ആഗോള സംഘർഷ സാഹചര്യത്തിൽ അയവ് വന്നില്ലെങ്കിൽ വരും ദിവസങ്ങളിലും സ്വർണത്തിന് വില കൂടാൻ തന്നെയാണ് സാധ്യത. കഴിഞ്ഞ വർഷം 64 ശതമാനം നേട്ടമാണ് സ്വർണത്തിന് ഉണ്ടായത്.

യുക്രെയ്ൻ-റഷ്യ സംഘർഷം ഉൾപ്പടെയുള്ള യുദ്ധങ്ങളും യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചതും കേന്ദ്രബാങ്കുകൾ കൂട്ടത്തോടെ സ്വർണം വാങ്ങി കൂട്ടിയതും കഴിഞ്ഞ വർഷം സ്വർണവില ഉയരുന്നതിനുള്ള പ്രധാനകാരണമായി മാറിയിരുന്നു.

കഴിഞ്ഞ ദിവസവും കേരളത്തിൽ സ്വർണവില വർധിച്ചിരുന്നു. പവന് 1160 രൂപയാണ് വർധനയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വിലയിൽ 145 രൂപയുടെ വർധനയുണ്ടായി. 12,595 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില ഉയർന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe