കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ലക്ഷം കടന്നു. 1,00,760 രൂപയായാണ് പവന്റെ വില ഇന്ന് ഉയർന്നത്. പവന് 1160 രൂപയാണ് വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വിലയിൽ 145 രൂപയുടെ വർധനയുണ്ടായി. 12,595 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില ഉയർന്നത്. 2026ൽ ഇതാദ്യമായാണ് സ്വർണവില ലക്ഷം കടക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയർന്നിട്ടുണ്ട്. സ്പോട്ട് ഗോൾഡിന്റെ വിലയിൽ 1.9 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. 4,411.14 ഡോളറായാണ് ഒരു ഔൺസ് സ്വർണത്തിന്റെ വില വർധിച്ചത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 2.1 ശതമാനം ഉയർന്നിട്ടുണ്ട്. 4,419.90 ഡോളറായാണ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് ഉയർന്നത്.
വെനിസ്വേലയിൽ യു.എസ് നടത്തിയ ആക്രമണമാണ് സ്വർണവില ഉയരുന്നതിനുള്ള പ്രധാനകാരണങ്ങളിലൊന്ന്. ഇത് മൂലം ആഗോളതലത്തിൽ ഉയർന്നിട്ടുള്ള യുദ്ധസമാനമായ സാഹചര്യം സുരക്ഷിതനിക്ഷേപമായ സ്വർണത്തിന്റെ ഡിമാൻഡ് ഉയർത്തി. ഇതിനൊപ്പം വിവിധ കേന്ദ്രബാങ്കുകൾ പലിശനിരക്കുൾ താഴ്ത്തിയതും വിലയെ സ്വാധിക്കുന്നുണ്ട്. ഇതിനൊപ്പം കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങികൂട്ടുന്നതും വിലയെ സ്വാധീനിക്കുന്നു.
ശനിയാഴ്ച പുലർച്ചെ മദുറോയെയും ഭാര്യയെയും യു.എസ് സേന ബന്ദിയാക്കിയത്. തുടർന്ന് യു.എസ് സൈനിക ഹെലികോപ്റ്ററിൽ കരീബിയൻ കടലിൽ ഉണ്ടായിരുന്ന യു.എസ്.എസ് ഇവോ ജിമ വിമാനവാഹിനി കപ്പലിലേക്ക് മാറ്റി. ശേഷം ഗ്വാണ്ടനാമോയിലെ അമേരിക്കൻ നാവിക കേന്ദ്രത്തിൽ എത്തിച്ചു. ഇവിടെ നിന്ന് പ്രത്യേക വിമാനത്തിൽ മദുറോയെയും ഭാര്യയെയും ന്യൂയോർക്കിലെ സ്റ്റിവാർട്ട് എയർ നാഷനൽ ഗാർഡ് ബേസിൽ എത്തിക്കുകയായിരുന്നു.
പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെയാണ് വെനിസ്വേല തലസ്ഥാനമായ കറാക്കസിൽ യു.എസ് അധിനിവേശമുണ്ടായത്. പുലർച്ചെ രണ്ടു മണിയോടെ കറാക്കസിൽ നടന്ന ആക്രമണം അര മണിക്കൂർ മാത്രമാണ് നീണ്ടത്. ഏഴിടത്ത് സ്ഫോടന ശബ്ദം കേട്ടതോടെ ജനങ്ങൾ പരിഭ്രാന്തിയിലായിരുന്നു. ഹെലികോപ്ടറുകൾ താഴ്ന്ന് പറന്നതായി ദൃക്സാക്ഷികൾ പറയുന്നു. പിന്നീട്, മണിക്കൂറുകൾക്ക് ശേഷം കരയാക്രമണം നടത്തുകയായിരുന്നു. സാധാരണക്കാരെയും സൈന്യത്തെയും യു.എസ് ആക്രമിച്ചെന്നും പല തവണ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും കറാക്കസ് നിവാസികൾ മാധ്യമങ്ങളെ അറിയിച്ചു.
