സംസ്ഥാനത്ത് 1000 ആയുഷ് യോഗ ക്ലബ്ബുകൾ: മന്ത്രി വീണാ ജോർജ്

news image
Jun 15, 2023, 1:47 pm GMT+0000 payyolionline.in

തിരുവനന്തപുരം > സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ 1000 ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. അന്താരാഷ്ട്ര യോഗദിനമായ ജൂൺ 21നാണ് തദ്ദേശഭരണ സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പും നാഷണൽ ആയുഷ് മിഷനും ചേർന്ന് ആയുഷ് യോഗ ക്ലബുകൾ ആരംഭിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള ഒരു വാർഡിൽ ചുരുങ്ങിയത് 20 പേർക്ക് ഒരേ സമയം യോഗ പരിശീലനത്തിനുള്ള വേദി ഉറപ്പാക്കുകയും അവിടെ ആയുഷ് യോഗ ക്ലബുകൾ ആരംഭിക്കുകയും ചെയ്യും. ആദ്യഘട്ടത്തിൽ ആരംഭിക്കുന്ന യോഗ ക്ലാസുകളുടെ തുടർച്ചയായി പരമാവധി വാർഡുകളിൽ ആയുഷ് യോഗ ക്ലബുകൾ ആരംഭിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ജീവിതശൈലിയിലുണ്ടാകുന്ന വ്യതിയാനം മൂലം വർധിക്കുന്ന ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, രക്തസമ്മർദ്ദം, സ്‌ട്രോക്ക് മുതലായവയെപ്പറ്റി കൃത്യമായ അവബോധം നൽകുന്നതിനും അവയെ പ്രതിരോധിക്കുന്നതിന് ഉതകുന്ന യോഗ പരിശീലനത്തോടു കൂടിയ ജീവിതശൈലി പ്രചരിപ്പിക്കുന്നതിനും ആയുഷ് യോഗ ക്ലബുകൾ വളരെയേറെ സഹായിക്കും. വിവിധ എൻ.ജി.ഒ.കൾ, യോഗ അസോസിയേഷനുകൾ, സ്‌പോർട്‌സ് കൗൺസിൽ എന്നിവരുടെ സഹകരണം ഉറപ്പാക്കും.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഗ്രാമ, നഗര വ്യത്യാസങ്ങളില്ലാതെ എല്ലായിടങ്ങളിലും യോഗയുടെ സന്ദേശം എത്തിക്കുക എന്നതാണ് ലക്ഷ്യം. യോഗ ജീവിതചര്യയുടെ ഭാഗമാക്കുന്നതിന് ആയുഷ് വകുപ്പ് വലിയ പ്രാധാന്യം നൽകി വരുന്നു. ആയുഷ് വകുപ്പിന്റെ കീഴിലുള്ള 593 സ്ഥാപനങ്ങളിൽ യോഗ പരിശീലകരെ നിയമിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് [email protected] എന്ന മെയിലിൽ ബന്ധപ്പെടുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe