സഞ്ജു ടെക്കിക്കെതിരെ കുറ്റപത്രം, ചുമത്തിയത് ഒരു വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ, കേസിൽ 2 പ്രതികൾ

news image
Jun 3, 2024, 8:37 am GMT+0000 payyolionline.in

ആലപ്പുഴ : കാറിനുള്ളിൽ സ്വിമ്മിംഗ് പൂളിൽ കുളിച്ചുള്ള യാത്ര നടത്തി, സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ എംവിഡി കുറ്റപത്രം നല്‍കി. ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ എൻഫോഴ്സ്മെന്റ് ആർടിഓ ആണ് കുറ്റപത്രം നല്‍കിയത്. സഞ്ജുവും കാർ ഓടിച്ച സൂര്യനാരായണനുമാണ് കേസിൽ പ്രതികള്‍. ഇവര്‍ക്കെതിരെ പ്രൊസിക്യൂഷൻ നടപടികളും ആരംഭിച്ചു.  ആറ് മാസം മുതൽ ഒരുവർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന അപകടമുണ്ടാക്കുന്ന രീതിയിൽ വണ്ടിയോടിച്ചുവെന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയത്.  സുരക്ഷിതമല്ലാത്ത വാഹനം റോഡില് ഓടിച്ചതിനുള്ള വകുപ്പും ചുമത്തി. ഈകുറ്റത്തിന് മൂന്ന് മാസം തടവ് ശിക്ഷ ലഭിക്കാം. കേസിൽ പ്രതികൾ കോടതിയിൽ വിചാരണ നേരിടണം. 

ആർടിഓയുടെ ശിക്ഷാനടപടികളെ പരിഹസിച്ച് സഞ്ജു യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. കേസെടുത്തതിന് ശേഷം തന്‍റെ യുട്യൂബ് ചാനലിന് ലോകം മുഴുവൻ റീച്ച് കൂടിയെന്നും 10 ലക്ഷം രൂപ ചെലവിട്ടാൽ പോലും കിട്ടാത്ത പ്രശസ്തി കിട്ടിയതിന് എല്ലാവര്‍ക്കം നന്ദിയുണ്ടെന്നായിരുന്നു വീഡിയോ.തുടർന്ന് ഹൈക്കോടതിയാണ് പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ ആർടിഓയോട് നിർദ്ദേശിച്ചത്. സഞ്ജു ടെക്കിയുടെ ടാറ്റാ സഫാരി പോലിസ് കസ്റ്റഡിയിലെക്ക് മാറ്റും.മന്നഞ്ചേരി പോലീസിനാണ് ആർടിഒ കാർ കൈമാറുന്നത്.

തുടക്കത്തിൽ കാറിൽ സ്വിമ്മിംഗ് പൂൾ തയ്യാറാക്കി പൊതുനിരത്തിൽ ഓടിച്ച യൂട്യൂബർ സഞ്ജു ടെക്കിക്കും കൂട്ടുകാര്‍ക്കുമെതിരെ ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ നടപടിയെടുത്തിരുന്നു.വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുകയും വാഹനം ഓടിച്ച ഇയാളുടെ സുഹൃത്തിന്റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെന്റ് ചെയ്യുകയുമായിരുന്നു.കുറ്റിപ്പുറത്ത്  മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാനും  ആലപ്പുഴ മെഡിക്കൽ കോളേജിൽ സാമൂഹ്യ സേവനം നടത്താനും ശിക്ഷ നൽകി.ഇതിന് പിന്നാലെയാണ് മോട്ടോര് വാഹനവകുപ്പിനെയും മാധ്യമങ്ങളെയും പരിഹസിച്ച് ഇയാൾ പുതിയ  വീഡിയോ അപ്‌ലോഡ് ചെയ്തത്.യൂട്യൂബ് വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്വമേധയാ ഇടപെട്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe