സന്നിധാനത്ത് ആയുര്‍വേദ ഡിസ്പെൻസറി 24 മണിക്കൂറും കര്‍മ്മനിരതം

news image
Dec 5, 2025, 6:11 am GMT+0000 payyolionline.in

പ്രതിദിനം ചികിത്സ തേടുന്നത് ആയിരത്തിലധികം പേർ പേശിവലിവ് മുതല്‍ ശ്വാസകോശ രോഗങ്ങള്‍ക്കു വരെ വിദഗ്ധ ചികിത്സ.

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച്‌ സന്നിധാനത്തെ സർക്കാർ ആയുർവേദ ഡിസ്പെൻസറി 24 മണിക്കൂറും കർമ്മനിരതം. മലകയറിയെത്തുന്ന അയ്യപ്പഭക്തർക്കും സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന ജീവനക്കാർക്കും ഒരുപോലെ ആശ്വാസമേകുകയാണ് ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള ഈ ചികിത്സാ കേന്ദ്രം.

നിലവില്‍ പ്രതിദിനം ആയിരത്തിലധികം പേരാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. ഏഴ് ഡോക്ടർമാരും നാല് തെറാപ്പിസ്റ്റുകളും മറ്റ് സപ്പോർട്ടിങ് സ്റ്റാഫുകളും ഉള്‍പ്പെടെ 20 ജീവനക്കാരാണ് ഇവിടെയുള്ളത്. ഡിസ്പെൻസറിയുടെ സേവനം 24 മണിക്കൂറും ലഭ്യമാണെന്ന് ചാർജ് മെഡിക്കല്‍ ഓഫീസർ ഡോ. ഷൈൻ അറിയിച്ചു.മലകയറ്റം കാരണം ഭക്തർക്കുണ്ടാകുന്ന പേശിവലിവ്, ശരീരവേദന എന്നിവ പരിഹരിക്കുന്നതിനായി പഞ്ചകർമ്മ, മർമ്മ ചികിത്സകള്‍ ഇവിടെ നല്‍കിവരുന്നു.

സന്നിധാനത്തെ തണുപ്പും തിരക്കും മൂലം പോലീസ് ഉദ്യോഗസ്ഥർക്കും മറ്റ് ജീവനക്കാർക്കും ഉണ്ടാകുന്ന പനി, ശ്വാസകോശ അണുബാധ തുടങ്ങിയവയ്ക്കും ഫലപ്രദമായ ചികിത്സ നല്‍കുന്നുണ്ട്. മരുന്നുകള്‍ക്ക് പുറമെ ഫ്യൂമിഗേഷൻ, ആവി പിടിക്കാനുള്ള സൗകര്യങ്ങള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. പതിനെട്ടാം പടിയില്‍ ഭക്തരെ കയറ്റുന്ന ജോലിയില്‍ ഏർപ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കുണ്ടാകുന്ന ചുമലുവേദനയ്ക്ക് വിദഗ്ദ്ധരായ തെറാപ്പിസ്റ്റുകളുടെ പരിചരണവും ലഭ്യമാണ്.തീർത്ഥാടന കാലയളവില്‍ എരുമേലി, പമ്ബ, സന്നിധാനം എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന മൂന്ന് ഡിസ്പെൻസറികളും മണ്ഡല – മകരവിളക്ക് കാലം അവസാനിക്കുന്നത് വരെ പൂർണ്ണതോതില്‍ പ്രവർത്തിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe