തിരുവനന്തപുരം> സപ്ലൈകോയിൽ സാധനങ്ങൾ സ്റ്റോക്കില്ലെന്നത് ഒരു വിഭാഗം നടത്തുന്ന കുപ്രചാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിതാ സബ്‌കമ്മിറ്റി ‘കനൽ’ സംഘടിപ്പിച്ച ഓണസ്‌മൃതി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സപ്ലൈകോയിൽ 13 ഇന അവശ്യ സാധനങ്ങൾക്ക് ഇപ്പോഴും 2016ലെ വിലയിൽ നിന്ന് വർധനവുണ്ടായിട്ടില്ല. സാധനങ്ങൾ സ്റ്റോക്കില്ലെന്ന പ്രചരണമാണ് നടക്കുന്നത്. എന്നാൽ, നാട്ടുകാർ ചെല്ലുമ്പോൾ സാധനങ്ങൾ ലഭിക്കുന്നുണ്ട്. സംസ്ഥാനത്ത് 60 ലക്ഷം പേർക്കാണ് സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കുന്നത്. അവരെല്ലാം നിറഞ്ഞ സന്തോഷത്തോടെ ഓണ നാളുകളിലേക്ക് നീങ്ങുകയാണ്.
കള്ളവും ചതിയുമില്ലാത്ത ഒരു കാലമുണ്ടായിരുന്നു എന്നതാണ് ഓണത്തിന്റെ ഐതീഹ്യം. സമഭാവനയുടെ തലത്തിലേക്ക് മാറുകയും കേരളത്തെ വികസിത രാഷ്ട്രങ്ങളിലെ മധ്യ വരുമാന രാജ്യങ്ങളുടെ ജീവിത നിലവാരത്തിലേക്ക് ഉയർത്തുകയുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഓണ സങ്കൽപ്പത്തിന് അനുസൃതമായ നവകേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്.എല്ലാതത്തിലും നാട് വികസിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ, കണ്ടാലും കൊണ്ടാലും പഠിക്കാത്ത ചില നിക്ഷിപ്‌ത താൽപര്യക്കാർ മറ്റു ചില പ്രചരണങ്ങൾ അഴിച്ചുവിടുന്നു. വലിയ പ്രചരണങ്ങളെ നാട് എങ്ങിനെ സ്വീകരിച്ചു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് എൽഡിഎഫ് അധികാരത്തിൽ തുടരുന്നത്. പ്രചരണത്തിന്റെ തോത് വെച്ചായിരുന്നെങ്കിൽ വിരലിലെണ്ണാവുന്ന സീറ്റേ എൽഡിഎഫിന് കിട്ടുമായിരുന്നുള്ളൂ. ബോധപൂർവമായി തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. ആ ബോധ്യം ജനങ്ങൾക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.കനൽ ചെയർപേഴ്‌സൺ സിന്ധു ഗോപൻ അധ്യക്ഷയായി. ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിനുള്ള തുക വി ജോയ് എംഎൽഎ ഏറ്റുവാങ്ങി. കമല വിജയൻ, കെ എൻ അശോക്‌കുമാർ, ഐ കവിത, ലക്ഷ്‌മി പ്രതാപൻ എന്നിവർ സംസാരിച്ചു.