കോഴിക്കോട്: സമഗ്ര സൗജന്യ കുടിവെള്ള നഗരമാകാൻ കോഴിക്കോട് ഒരുങ്ങുന്നു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയിലൂടെ കോർപറേഷൻ പരിധിയിലുള്ള 25, 512 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ നല്‍കും.
പദ്ധതയുടെ ഉദ്ഘാടനം 19ന് വൈകീട്ട് നാലിന് വെസ്റ്റ്ഹിൽ ബീച്ച് ആംഫി തീയേറ്ററിൽ മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർവഹിക്കും. കേന്ദ്ര-സംസ്ഥാന-കോർപറേഷൻ പദ്ധതി വിഹിതം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. ഇതിനായി 111.33 കോടി രൂപയാണ് വിനിയോഗിക്കുക.
ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യമായും രണ്ട് ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് 1700 രൂപ നിരക്കിലുമാണ് കുടിവെള്ള കണക്ഷൻ നൽകുക.
ബി.പി.എൽ കാർഡ് ഇല്ലാത്ത, രണ്ടു ലക്ഷത്തിൽ കുറഞ്ഞ വാർഷിക വരുമാനമുള്ളവർക്ക് വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ സൗജന്യ കണക്ഷൻ നൽകും. നിലവിൽ 15,000 പേരാണ് അപേക്ഷിച്ചിട്ടുള്ളത്. 2024 മാർച്ച് 31നകം പദ്ധതി പൂർത്തിയാക്കും. 60 ഉപപദ്ധതികളായാണ് ഇത് പൂർത്തീകരിക്കുകയെന്നും മേയർ ബീനാ ഫിലിപ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കോർപറേഷന് പത്ത് മേഖലകളായി തിരിച്ചാണ് പദ്ധതി. കോവൂർ എരവത്തുകുന്ന് സൗത്ത്, നോര്‍ത്ത്, ഈസ്റ്റ്ഹില്‍, ബാലമന്ദിരം, മലാപ്പറമ്പ് എന്നീ സോണുകളായി തിരിച്ച് 145.76 കിലോ മീറ്റർ നീളത്തില്‍ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കും.
24 മണിക്കൂറും വെള്ളമെത്തിക്കാനും ആലോചിക്കുന്നുണ്ട്. ഇതിന്റെ ആദ്യഘട്ടം എടക്കാട്, നെല്ലിക്കോട് വാർഡുകളിലും രണ്ടാം ഘട്ടം വലിയങ്ങാടി, ബേപ്പൂർ വാർഡുകളിലുമായിരിക്കും. വാട്ടർ അതോറിറ്റിയാണ് പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നത്.
33 പദ്ധതിയുടേത് കരാറായി. ശേഷിക്കുന്നതിന് സാങ്കേതിക അനുമതിയായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, വാട്ടർ അതോറിറ്റി എക്സി.എൻജിനീയർ വി. വിജിൽസ്, അമൃത് കോഓഡിനേറ്റർ കെ.എസ്. അഭിലാഷ് മോൻ എന്നിവരും പങ്കെടുത്തു.