തിരുവനന്തപുരം: നെയ്യാറ്റിൻകര അതിയന്നൂർ കാവുവിളാകം കൈലാസനാഥ ക്ഷേത്രത്തിലെ ഗോപൻ സ്വാമിയുടെ വിവാദ ‘സമാധി’ കല്ലറ തുറന്നു. കല്ലറയിൽ ഇരിക്കുന്ന വിധത്തിൽ മൃതദേഹം കണ്ടെത്തി. ഗോപൻ സ്വാമിയുടെ ഭാര്യയും രണ്ട് മക്കളും നൽകിയ ഹർജിയിൽ കല്ലറ പരിശോധിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പൊലീസ് നടപടികൾ ആരംഭിച്ചത്. തുടർന്ന് പൊലീസ് സംഘം പുലർച്ചെ തന്നെ നെയ്യാറ്റിൻകര അതിയന്നൂരിലെ ഗോപൻ സ്വാമിയുടെ വീട്ടിലെത്തി കല്ലറ തുറക്കുകയായിരുന്നു.
രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് കല്ലറ പൊളിക്കുന്നതിനായി പുലർച്ചെ സ്ഥലത്തെതിയത്. തുടർന്ന് തിരുവനന്തപുരം സബ്കലക്ടർ ഒ വി ആല്‍ഫ്രഡ് സ്ഥലത്തെത്തുകയും കല്ലറ തുറക്കുന്നതിന്റെ ഒരുക്കങ്ങൾ വിലയിരുത്തുകയും ചെയ്തു. കല്ലറ തുറക്കുന്നതിന്റെ സമീപം നിൽക്കാൻ തന്നോട് പൊലീസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നിരസിക്കുകയാിരുന്നുവെന്ന് ഗോപൻ സ്വാമിയുടെ മകൻ സനന്തൻ പറഞ്ഞു.
കല്ലറ തുറന്നതിനെ തുടർന്ന് മൃതദേഹം പുറത്തേക്കെടുത്തു. നെഞ്ച് വരെ പൂക്കളും സുഗന്ധ ദ്രവ്യങ്ങളും ഭസ്മവും മൂടിയ നിലയിലായിരുന്നു മൃതദേഹമെന്നാണ് റിപ്പോർട്ട്. ഗോപന്റെ മൃതദേഹം തന്നെയാണ് കല്ലറയിലേത് എന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്ന് കിട്ടുന്ന വിവരങ്ങൾ അനുസരിച്ച് മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റും