സമൂഹത്തെ നശിപ്പിക്കാൻ പദ്ധതിയെന്ന് എൻഐഎ, പ്രായം പരി​ഗണിക്കണമെന്ന് പ്രതി; റിയാസ് അബൂബക്കറിനുള്ള ശിക്ഷാവിധി നാളെ

news image
Feb 8, 2024, 8:06 am GMT+0000 payyolionline.in

കൊച്ചി: കേരളത്തിൽ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ പ്രതി റിയാസ് അബൂബക്കറിനുള്ള ശിക്ഷ നാളെ വിധിക്കും. കേസിൽ ഇരു വിഭാ​ഗങ്ങളുടേയും വാദം പൂർത്തിയായി. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും സമൂഹത്തെ നശിപ്പിക്കാനുള്ള പദ്ധതിയാണ് പ്രതി ആസൂത്രണം ചെയ്തതെന്നും എൻഐഎ കോടതിയിൽ വാദിച്ചു. എന്നാൽ പ്രതിയുടെ പ്രായവും കുടുംബപശ്ചാത്തലവും പരിഗണിക്കണമെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇരു വിഭാ​ഗത്തിന്റേയും വാദം പൂർത്തിയായ കേസിൽ ശിക്ഷ നാളെ വിധിക്കും.

 

കേസിൽ പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊച്ചി എൻ ഐ എ കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്. ഇയാൾക്കെതിരെ ചുമത്തിയ എല്ലാ വകുപ്പുകൾ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. യു എ പി എ 38, 39, ഐ പി സി 120 ബി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കാസർഗോഡ് ഐ എസ് കേസിൻ്റെ ഭാഗമായാണ് ഈ കേസും ഉള്ളത്.

 

പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കർ മാത്രമാണ് കേസിലെ പ്രതി. 2018 മെയ് 15 നാണ് എൻ ഐ എ റിയാസ് അബൂബക്കറിനെ പിടികൂടിയത്. ശ്രീലങ്കൻ സ്ഫോടനപരമ്പരയുടെ ആസൂത്രകനുമായി ചേർന്ന് കേരളത്തിലും സ്ഫോടന പരമ്പര ആസൂത്രണം ചെയ്തെന്നും ഇതിനായി  യുവാക്കളെ റിക്രൂട്ട് ചെയ്യാൻ സമൂഹമാധ്യമങ്ങൾ വഴി ശ്രമം നടത്തി എന്നുമാണ് എൻ ഐ എ കുറ്റപത്രത്തിൽ പറഞ്ഞത്. യു എ പി എയിലെ സെക്ഷൻ 38, 39 വകുപ്പുകളും ഗൂഡാലോചനയുമടക്കമുള്ള കുറ്റങ്ങളുമാണ് ചുമത്തിയിട്ടുള്ളത്. കേസിൽ റിയാസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളും, വീട്ടിൽ നിന്ന് റെയ്ഡിനിടെ പിടികൂടിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളുമാണ് തെളിവായി ഹാജരാക്കിയിരുന്നു. ഇതെല്ലാം പരിശോധിച്ച ശേഷമാണ് കൊച്ചി എൻ ഐ എ കോടതി പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe