സമൂഹമാധ്യമം വഴി വാഹനമോഷണം, സ്ത്രീകളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ; യുവാവ് പിടിയിൽ

news image
Feb 22, 2024, 11:05 am GMT+0000 payyolionline.in

കോഴിക്കോട് ∙ വെള്ളയിൽ ഹാർബറിനു സമീപത്തു വിൽപനയ്ക്കായി കൊണ്ടുവന്ന കാർ മോഷ്ടിച്ച യുവാവിനെ പിടികൂടി. കണ്ണൂർ കുറ്റ്യാട്ടൂർ സ്വദേശി അശ്വന്താണ് (24) പിടിയിലായത്. വിവാഹിതയായ യുവതിയോടൊപ്പം നാടുവിട്ട അശ്വന്ത് ആഡംബര ജീവിതം നയിക്കാനുള്ള പണത്തിനാണു മോഷണം നടത്തിയത്. തൃശൂർ സ്വദേശിയുടെ കാറാണ് പ്രതി മോഷ്ടിച്ചതെന്നു പൊലീസ് പറഞ്ഞു.

വാഹന കച്ചവടക്കാരൻ എന്ന വ്യാജേന സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടാണ് മോഷണം ആസൂത്രണം ചെയ്തത്. വിപിൻ എന്ന പേരിൽ പരിചയപ്പെട്ട ശേഷം ചാറ്റിങ്ങിലൂടെ വിശ്വാസം നേടിയെടുത്തായിരുന്നു മോഷണം. സ്ത്രീകളുടെ പേരിലുൾപ്പെടെ നിരവധി വ്യാജ ഫെയ്സ്ബുക് അക്കൗണ്ടുകളും പ്രതി ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇരയെ തനിക്ക് സുരക്ഷിതമെന്ന് ഉറപ്പുള്ള സ്ഥലത്തെത്തിച്ച ശേഷം മോഷണം നടത്തുന്നതാണ് രീതി. സിസിടിവി ക്യാമറകൾ ഇല്ലാത്തതും വാഹനവുമായി പെട്ടെന്നു രക്ഷപ്പെടാനും പറ്റിയ സ്ഥലമാണു തിരഞ്ഞെടുക്കാറുള്ളത്.



വിവിധ ഫോൺ നമ്പറുകളും സമൂഹമാധ്യമ അക്കൗണ്ടുകളും ഉപയോഗിക്കുന്ന പ്രതി മോഷണത്തിനു ശേഷം ചെലവൂരിലുള്ള വാടകവീട്ടിൽ കാമുകിയോടൊപ്പം രഹസ്യമായി താമസിച്ചുവരികയായിരുന്നു. മോഷ്ടിച്ച കാറിൽ വ്യാജ നമ്പർ പ്ലേറ്റാണ് ഉപയോഗിച്ചിരുന്നത്. സംസ്ഥാനത്തിനു പുറത്തുള്ള ആക്രിച്ചന്തയിലെത്തിച്ച് വാഹനം പൊളിച്ചുവിൽക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് പ്രതിയെ വലയിലാക്കിയത്. വിശദമായ ചോദ്യംചെയ്യലിനു ശേഷം അറസ്റ്റ് ചെയ്തു.

ഡപ്യൂട്ടി പൊലീസ് കമ്മിഷണർ അനുജ് പലിവാളിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ ഹരീഷിന്റെ നേതൃത്വത്തിലുള്ള വെള്ളയിൽ പൊലീസുമാണു പ്രതിയെ കണ്ടെത്തിയത്. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, വെള്ളയിൽ സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ബവീഷ്, ദീപു കുമാർ, സീനിയർ സിപിഒമാരായ രഞ്ജിത്ത്, കെ.അനൂപ്, പ്രസാദ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe