സമൂഹമാധ്യമ അധിക്ഷേപത്തിനെതിരെ മറിയ ഉമ്മൻ പരാതി നൽകി

news image
Sep 16, 2023, 2:41 pm GMT+0000 payyolionline.in

തിരുവനന്തപുരം: സമൂഹമാധ്യമത്തിൽ മോശമായ പോസ്റ്റുകളും കമന്റുകളും ഇട്ടവർക്കെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ഡിജിപിക്ക് പരാതി നൽകി. പോസ്റ്റുകളുടെയും കമന്റുകളുടെയും സ്ക്രീൻഷോട്ടുകളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരിട്ടാണ് ഡിജിപിക്ക് പരാതി നൽകിയത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുക്കണം എന്നാണ് പരാതിയിൽ മറിയ ഉമ്മൻ ആവശ്യപ്പെട്ടിട്ടുള്ളത്.

ജീവിച്ചിരിക്കുമ്പോൾ ആവോളം അപ്പയെ വേട്ടയാടിയ എതിരാളികൾ, മരണ ശേഷവും അദ്ദേഹത്തിന്റെ ഓർമ്മകളെ പോലും ഭയക്കുന്നത് കൊണ്ടാണ് അത് തുടരുന്നത് എന്ന് മറിയ പറഞ്ഞു. ഇതിനെല്ലാമുള്ള മറുപടിയാണ് പുതുപ്പള്ളിയിൽ ‘ഉമ്മൻ ചാണ്ടി’യ്ക്കുണ്ടായ മഹാവിജയം. പുതുപ്പള്ളിയിലെ പരാജയത്തിന്റെ പക തീർക്കലാണ് രാഷ്ട്രീയത്തിൽ പോലും ഇല്ലാത്ത തനിയ്ക്കെതിരെ സിപിഎം സൈബർ സംഘം നടത്തുന്നതെന്നും, ഇത് ഏറ്റവും അപലപനീയമാണെന്നും മറിയ പറഞ്ഞു.

‘പോരാളി ഷാജി’ ഉൾപ്പെടെയുള്ള ഇടത് അനുകൂല പ്രൊഫൈലുകളിലാണ് ദിവസങ്ങൾക്ക് മുൻപ് മോശമായ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. ചില പോസ്റ്റുകൾ പിന്നീട് ഡിലീറ്റ് ചെയ്തു. ഉമ്മൻചാണ്ടിയുടെ ഇളയ മകൾ അച്ചു ഉമ്മനെതിരെയും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സമയത്ത് സൈബർ ആക്രമണം ഉണ്ടായിരുന്നു. അച്ചു ഉമ്മന്റെ പരാതിയിൽ സെക്രട്ടേറിയറ്റിലെ മുൻ അഡിഷനൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയെ പൂജപ്പുര പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇയാളുടെ ഫോൺ പരിശോധിച്ചശേഷം വീണ്ടും ചോദ്യം ചെയ്യും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe