കോഴിക്കോട്: എരഞ്ഞിപ്പാലം മിനി ബൈപാസിൽനിന്ന് സരോവരം ബയോ പാർക്കിലേക്ക് കടക്കാൻ പുതിയ ഇരുമ്പുപാലം നിർമിക്കുന്നു. ഇതോടെ അപകടാവസ്ഥയിലുള്ള കോൺക്രീറ്റ് പാലം പൊളിച്ചുമാറ്റും. ഏറെക്കാലം പഴക്കമുള്ള കോൺക്രീറ്റ് പാലത്തിന്റെ തൂണുകളിലെ സിമന്റ് പാളികൾ അടർന്ന് തുരുമ്പെടുത്ത ഇരുമ്പുകമ്പികൾ പുറത്തുകാണുന്ന അവസ്ഥയിലായതോടെയാണ് സുരക്ഷിതമായ പാലത്തിന് ആവശ്യമുയർന്നത്.
അതിനിടെ കനോലി കനാലിനെ പ്രയോജനപ്പെടുത്തി ജലഗതാഗതം, ടൂറിസം അടക്കമുള്ളവ മുൻനിർത്തിയുള്ള കനാൽ സിറ്റി പദ്ധതിയുടെ പ്രഖ്യാപനവും വന്നു. ഈ പശ്ചാത്തലത്തിലാണ് പഴയപാലം പൂർണമായും പൊളിച്ചുനീക്കാനും താൽക്കാലികമായി ഇരുമ്പുപാലം നിർമിക്കാനും ധാരണയായത്.
18 മീറ്റർ നീളത്തിലും 1.80 മീറ്റർ വീതിയിലും 24 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പുതിയ പാലം ഒരുക്കുന്നത്. പഴയ പാലത്തിനോട് ചേർന്നാണ് പുതിയ പാലവും നിർമിക്കുന്നത്. ഇതിനായി പാർക്കിലും റോഡരികിലെ നടപ്പാതയിലുമുള്ള ഓരോ മരങ്ങൾ മുറിച്ചുമാറ്റി സ്ഥലം ഒരുക്കുകയും കുഴിയെടുക്കുകയും ചെയ്തു.
അടുത്ത ദിവസം അടിമണ്ണ് അമർത്തി ഇവിടെ ഫില്ലറുകൾ നിർമിക്കുന്ന ജോലി ആരംഭിക്കും. മഴ ശക്തമാകുന്നതിനുമുമ്പ് മേയ് അവസാനത്തോടെ നിർമാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
ഗാന്ധിറോഡ്-പനാത്തുതാഴം-നേതാജി റോഡ് വഴി മേൽപാലത്തിന് നേരത്തെ പദ്ധതിയുണ്ടായിരുന്നു. ഇതിന്റെ പ്രാഥമിക രൂപരേഖയടക്കം തയാറാക്കിയിരുന്നുവെങ്കിലും പദ്ധതി അനിശ്ചിതമായി നീളുകയാണ്. ഇതടക്കം മുൻനിർത്തിയാണ് സരോവരത്തേക്ക് പുതിയ താൽക്കാലിക പാലം എന്ന ആശയത്തിന് സ്വീകാര്യത ലഭിച്ചത്.
നിലവിൽ നഗരത്തിൽ രാവിലെയും വൈകീട്ടും അവധി ദിവസങ്ങളിൽ മുഴുവൻ സമയവും കൂടുതൽ ആളുകളെത്തുന്ന പാർക്കാണ് സരോവരം ബയോപാർക്ക്. ദിവസേന 700 മുതൽ ആയിരത്തോളം പേരാണ് ഇവിടെയെത്തുന്നത്.
ഒപൺ ജിം, ബോട്ട് ജെട്ടി, ഓപൺ എയർ തിയറ്റർ, ഇക്കോ പാർക്ക്, മിയാവിക്കി വനം, കുട്ടികളുടെ കളിസ്ഥലം എന്നിവയെല്ലാമാണ് ആളുകളെ കൂടുതലായി ഇങ്ങോട്ട് ആകർഷിക്കുന്നത്