കോഴിക്കോട്: എല്ലാ അമ്മമാരെപ്പോലെ ഏറെ സഹിച്ചു. പക്ഷെ, എന്നെ കൊല്ലുമെന്ന് ഉറപ്പായപ്പോൾ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ലെന്ന് എലത്തൂർ ചെട്ടികുളത്തെ മിനി. ഇന്നലെയാണ് ലഹരിക്ക് അടിമയായ 26കാരനായ മകൻ രാഹുലിനെ മിനി പൊലീസിന് ൈകമാറിയത്. ‘മകന് ഏറ്റവും ഇഷ്ടം എന്നോട് തന്നെയാണ്. പക്ഷെ, ഞാൻ തന്നെയാണ് അവന്റെ ലഹരി ഉപയോഗവും കൂട്ടുകെട്ടും ചോദ്യം ചെയ്യാറ്. അതവന് സഹിക്കാൻ കഴിയുമായിരുന്നില്ല. അത്, വലിയ പകയായി ഉള്ളിൽ കൊണ്ടു നടന്നു. അതാണ്, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്ന്’ മാതാവ് മിനി പറയുന്നു.
അവൻ കുടുംബത്തിനും നാടിനും ഒരിക്കലും ഭീഷണിയാവരുത്. ലഹരിക്ക് അടിമയായ രാഹുലിനെ വെള്ളിയാഴ്ചയാണ് പൊലീസ് അറസ്റ്റുചെയ്തത്. 13വയസുമുതൽ ലഹരി ഉപയോഗിച്ച് വരുന്നതായി മകൻ പറഞ്ഞതായി മാതാവ് മിനി പറയുന്നു. 18 വയസുമുതലാണ് അവൻ ലഹരി ഉപയോഗിക്കുന്നതായി തിരിച്ചറിയാൻ കഴിഞ്ഞത്. തുടക്കത്തിൽ കഞ്ചാവായിരുന്നു.പിന്നെ മറ്റു പലതുമായി. അവന് നിർത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നിരവധി തവണ ലഹരിമുക്ത കേന്ദ്രങ്ങളിൽ ചികിത്സ തേടി. എല്ലാറ്റിൽ നിന്നും മാറി നടക്കും. പിന്നെ, സുഹൃത്തുക്കളിൽ നിന്നും അവനിതൊക്കെ കിട്ടും.
കിട്ടിക്കഴിഞ്ഞാൽ പിന്നെ എല്ലാം പഴയ പടിയായി. പിന്നെ അതുവരെ മരുന്നു കഴിച്ചതൊക്കെ വെറുതെയാവുമെന്ന് മിനി പറയുന്നു. നേരത്തെ ഓരോ കേസിൽ നിന്നും അവനെ ഇറക്കികൊണ്ടുവന്നത് ഞാൻ തന്നെയാണെന്ന് മിനി പറയുന്നു. ഇനി അവൻ എത്ര പറഞ്ഞാലും അവനോട് കനിവ് കാണിച്ചില്ല. മനസ് കല്ലാക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് മിനി പറയുന്നു.
കഴിഞ്ഞ ഒരു വർഷം മുൻപാണ് മറ്റൊരു കേസിൽ പ്രതിയായ രാഹുൽ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. കുടുംബത്തെ ഒന്നടങ്കം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ചെട്ടികുളം വാളിയിൽ രാഹുലിനെ (25) എലത്തൂർ പൊലീസ് അറസ്റ്റുചെയ്ത് കൊണ്ടുപോകുമ്പോൾ ലഹരിക്കെതിരെ വലിയ പാഠമാണ് ഉയർത്തിയത്. പോക്സോ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിന്റെ നിരന്തര വധഭീഷണിയെത്തുടർന്ന് സഹികെട്ട പെറ്റമ്മതന്നെയാണ് എലത്തൂർ പൊലീസിൽ വിവരമറിയിച്ചത്. വിവിധ കേസുകളിൽ ജാമ്യം നേടി മുങ്ങിനടക്കുകയായിരുന്ന രാഹുലിന്റെ കാര്യത്തിൽ വർഷങ്ങളായി തീതിന്നുകയായിരുന്നു കുടുംബം.
എലത്തൂർ, കൂരാച്ചുണ്ട്, പീരുമേട്, കൊയിലാണ്ടി സ്റ്റേഷനുകളിൽ വധശ്രമം, പോക്സോ അടക്കം കേസുകളിൽ പ്രതിയാണിയാൾ. പിതാവിനെയും മാതാവിനെയും സഹോദരിയുടെ മൂന്നരവയസ്സുള്ള കുഞ്ഞിനെയും കൊല്ലാൻ തീരുമാനമെടുത്തതായി കഴിഞ്ഞദിവസം രാത്രി രാഹുൽ ഭീഷണിപ്പെടുത്തിയിരുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്ന രാഹുൽ അത് ചെയ്യാൻ മടിക്കില്ലെന്ന് ഉറപ്പുള്ളതിനാലാണ് പൊലീസിൽ വിവരം അറിയിച്ചത്. എട്ടാംക്ലാസിൽ പഠിക്കുമ്പോൾതന്നെ ലഹരി ഉപയോഗിച്ച രാഹുലിനെ പത്താം ക്ലാസിൽ പഠിക്കുന്നവേളയിൽ കഞ്ചാവ് വലിച്ചതിന് സ്കൂളിൽനിന്ന് പുറത്താക്കിയിരുന്നു. പണത്തിന് വീട്ടിൽ നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്ന രാഹുൽ കഴിഞ്ഞദിവസം സഹോദരിയുടെ കുട്ടിക്ക് മിഠായി നൽകിയതിൽ സംശയംതോന്നിയ മാതാവ് ചോദ്യം ചെയ്തു.
സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന രാഹുലിന്റെ പ്രവൃത്തികളിൽ സംശയമുള്ളതിനാലാണ് ചോദ്യം ചെയ്തത്. ഇതിൽ ക്ഷുഭിതനായ രാഹുൽ മാതാവിനെ അസഭ്യം പറയുകയും സാധനങ്ങൾ എടുത്തെറിയുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന മുത്തശ്ശിയെ അടിക്കാൻ ചെല്ലുകയും ചെയ്തു. പൊലീസിനെ വിളിക്കുമെന്ന് മാതാവ് പറഞ്ഞപ്പോൾ താൻ കഴുത്തിന്റെ ഞരമ്പ് മുറിക്കുകയും നിങ്ങളാണ് ചെയ്തതെന്ന് പറയുമെന്ന് മാതാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മൂന്നുമാസത്തിനുള്ളിൽ എല്ലാവരെയും കൊന്ന് ജയിലിൽപോവുമെന്ന് പറയുകയും ചെയ്തിരുന്നുവത്രെ. വിവിധ കേസുകൾ ഉള്ളതിനാൽ ജയിലിൽപോവേണ്ടിവരുമെന്ന് ഉറപ്പുള്ളതിനാൽ ഏത് ആക്രമണത്തിനും മുതിരുമെന്ന പേടിയുണ്ടായതിനാലാണ് പൊലീസിൽ അറിയിച്ചതെന്ന് മാതാവ് പറഞ്ഞു.
പൊലീസ് പിടിക്കാൻ വന്നതുകൊണ്ടാണ് ആത്മഹത്യ ചെയ്യുന്നതെന്ന കുറിപ്പ് രാഹുൽ എഴുതിവെച്ചിരുന്നു. പൊലീസ് എത്തിയപ്പോൾ പൊലീസിനുനേരെ തിരിഞ്ഞ രാഹുൽ ചാനലുകാർ എത്തിയാൽ മാത്രമേ കൂടെ പോകൂവെന്ന് പറഞ്ഞ് പരാക്രമം കാണിച്ചു. വിവിധ കേസുകളിൽ അറസ്റ്റ് വാറന്റുള്ള രാഹുലിനെ പോക്സോ കേസിലാണ് എലത്തൂർ എസ്.ഐ മുഹമ്മദ് സിയാദ് അറസ്റ്റുചെയ്തത്.