അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചതിന് പിന്നാലെ ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ച് മകൻ അരുൺ കുമാർ. പുരസ്കാരം ലഭിച്ച വിവരം കുടുംബം ഏറെ സന്തോഷത്തെയാണ് സ്വീകരിച്ചതെന്നും, ദശാബ്ദങ്ങൾ നീണ്ട പൊതുപ്രവർത്തനത്തിന് രാജ്യം നൽകുന്ന ഈ ആദരത്തിൽ വലിയ അഭിമാനമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു. കേരളത്തിലെ സാധാരണക്കാർ അച്ഛന് നൽകിക്കൊണ്ടിരിക്കുന്ന സ്നേഹവും വിശ്വാസവുമാണ് അദ്ദേഹത്തിന് ലഭിച്ച ഏറ്റവും വലിയ ബഹുമതിയെന്നും അദ്ദേഹം എഴുതി.
‘അച്ഛനെ സംബന്ധിച്ച്, ഈ നാടിന്റെ പച്ചപ്പും പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്ന നീതിയുമാണ് ഏറ്റവും വലിയ ബഹുമതി. കേരളത്തിലെ ഓരോ തെരുവിലും ആ മനുഷ്യൻ നടന്നുകയറിയത് പുരസ്കാരങ്ങൾ ലക്ഷ്യം വെച്ചല്ല, മറിച്ച് താൻ വിശ്വസിക്കുന്ന രാഷ്ട്രീയത്തിന് വേണ്ടിയാണ്. ഈ ആദരത്തെ ജനങ്ങൾ അച്ഛന് നൽകുന്ന സ്നേഹമായി കാണുന്നു’ – അരുൺ കുമാർ കുറിച്ചു.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മവിഭൂഷൺ മരണാനന്തര ബഹുമതിയായി വിഎസിന് നൽകി ആദരിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
അച്ഛനും അംഗീകാരങ്ങളും; ജനഹൃദയങ്ങളിലെ ‘പത്മ’പുരസ്കാരം
അച്ഛന് പത്മവിഭൂഷൺ പുരസ്കാരം ലഭിച്ച വിവരം ഏറെ സന്തോഷത്തോടെയാണ് ശ്രവിച്ചത്. ഒരു മകൻ എന്ന നിലയിൽ, അച്ഛന്റെ ദശാബ്ദങ്ങൾ നീണ്ട പൊതുപ്രവർത്തനത്തിന് രാജ്യം നൽകുന്ന ഈ ആദരത്തിൽ വലിയ അഭിമാനമുണ്ട്.
പുന്നപ്ര-വയലാർ സമരത്തിന്റെ കനൽവഴികളിലൂടെ നടന്നു തുടങ്ങിയതാണ് അച്ഛന്റെ രാഷ്ട്രീയ ജീവിതം. ജയിലറകളിലെ മർദ്ദനമുറകളോ, അധികാരത്തിന്റെ പ്രലോഭനങ്ങളോ അദ്ദേഹത്തെ ഒരിക്കലും ബാധിച്ചിട്ടില്ല. കേരളത്തിലെ സാധാരണക്കാരായ മനുഷ്യർക്ക് വേണ്ടി, പരിസ്ഥിതിക്ക് വേണ്ടി, സ്ത്രീകളുടെ നീതിക്ക് വേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതരേഖ. ആ പോരാട്ടങ്ങൾക്കൊന്നും അദ്ദേഹം ഒരു പുരസ്കാരവും പ്രതീക്ഷിച്ചിരുന്നില്ല.
അച്ഛനെ സംബന്ധിച്ച്, ഈ നാടിന്റെ പച്ചപ്പും പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്ന നീതിയുമാണ് ഏറ്റവും വലിയ ബഹുമതി. കേരളത്തിലെ ഓരോ തെരുവിലും ആ മനുഷ്യൻ നടന്നുകയറിയത് പുരസ്കാരങ്ങൾ ലക്ഷ്യം വെച്ചല്ല, മറിച്ച് താൻ വിശ്വസിക്കുന്ന രാഷ്ട്രീയത്തിന് വേണ്ടിയാണ്.
ഈ ആദരത്തെ ജനങ്ങൾ അച്ഛന് നൽകുന്ന സ്നേഹമായി കാണുന്നു. എന്നാൽ, ഒരു രാഷ്ട്രം നൽകുന്ന അംഗീകാരം എന്ന നിലയിൽ പത്മവിഭൂഷൺ എന്നത് വലിയൊരു പുരസ്കാരം തന്നെയാണ്. ആ പുരസ്കാര ലബ്ധിയിൽ ഞങ്ങളുടെ കുടുംബം അതീവ സന്തുഷ്ടരാണ്. എന്നാൽ അതിനേക്കാൾ വലിയൊരു പുരസ്കാരം പതിറ്റാണ്ടുകളായി കേരളത്തിലെ സാധാരണ ജനങ്ങൾ അച്ഛന് നൽകിക്കൊണ്ടിരിക്കുന്ന സ്നേഹവും വിശ്വാസവുമാണ്. അതാണ് അച്ഛന്റെ യഥാർത്ഥ ‘പത്മം’.
