സാരിക്കുള്ളിൽ 4 ലക്ഷം രൂപയുടെ സ്വർണം, അബദ്ധത്തിൽ നാടോടി സ്ത്രീകൾക്ക് കൈമാറി; സ്വർണം തിരിച്ചെത്തി, വനജയ്ക്ക് ആശ്വാസം

news image
Oct 20, 2025, 5:20 am GMT+0000 payyolionline.in

എടക്കര (മലപ്പുറം): അബദ്ധത്തിൽ നാടോടി സ്ത്രീകൾക്കു നൽകിയ നാലു ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ തിരിച്ചുപിടിച്ച് കുറുമ്പലങ്ങോട് സ്വദേശി വനജ. അമ്മയുടെ മരണശേഷം ലഭിച്ച 4 പവനോളം വരുന്ന സ്വർണാഭരണങ്ങളാണ് വനജയും ഭർത്താവും ചേർന്ന് വീണ്ടെടുത്തത്. ആഭരണങ്ങൾ വീട്ടിലെ അലമാരിയിൽ സാരികൾക്കിടയിൽ പൊതിഞ്ഞു സൂക്ഷിച്ച് വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 10ന് കർണാടക സ്വദേശികളായ നാടോടിസ്ത്രീകൾ പ്രദേശത്തെ വീടുകളിലൂടെ പഴയ വസ്ത്രങ്ങൾ ആവശ്യപ്പെട്ടുവന്ന സമയത്ത് സ്വർണാഭരണമടങ്ങിയ സാരിയുൾപ്പെടെയുള്ള വസ്ത്രങ്ങൾ വനജ അബദ്ധത്തിൽ എടുത്ത് കൊടുക്കുകയായിരുന്നു. ദിവസങ്ങൾക്കുശേഷമാണ് അബദ്ധം മനസ്സിലായത്. ആഭരണം നഷ്ടപ്പെട്ടുവെന്ന് ഉറപ്പായതോടെ വനജയുടെ ഭർത്താവ് കൽപ്പാതൊടി സേതു സംഭവം എടക്കര പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ എം.അസൈനാരെ അറിയിച്ചു. നാടോടികളുടെ രീതിയെകുറിച്ചു അവർ തങ്ങാൻ സാധ്യതയുള്ള സ്ഥലത്തെ കുറിച്ചും അസൈനാർ പറഞ്ഞു കൊടുത്തു. ഇതുപ്രകാരം സേതുവും ഭാര്യ വനജയും ‌നാടോടികൾ താമസിക്കുന്ന എടക്കര കാട്ടിപ്പടിയിലെ ക്വാർട്ടേഴ്സിലെത്തി. ഇവരോട് കാര്യങ്ങൾ പറഞ്ഞപ്പോൾ വസ്ത്രങ്ങൾ മുറിക്കുള്ളിൽ അടുക്കിവച്ച നിലയിൽ കണ്ടു.ഇത് പരിശോധിച്ചപ്പോൾ സാരിയുടെ ഉള്ളിൽ ആഭരണങ്ങൾ ഭദ്രമായി ഉണ്ടായിരുന്നു. നാടോടികൾക്ക് പാരിതോഷികവും കൊടുത്താണ് ആഭരണങ്ങളുമായി സേതുവും വനജയും മടങ്ങിയത്. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞിരുന്നുവെങ്കിൽ വസ്ത്രങ്ങളുമായി നാടോടികൾ കേരളം വിട്ടേനെ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe