സാഹിത്യകാരൻ വടകര കാർത്തികപ്പള്ളിയിലെ പൊന്നമ്പത്ത് ബി.കെ തിരുവോത്ത് അന്തരിച്ചു

news image
Aug 10, 2025, 3:13 pm GMT+0000 payyolionline.in

വടകര: പ്രമുഖസഹകാരിയും ഗ്രന്ഥകാരനും സാഹിത്യകാരനുമായ വടകര കാർത്തികപ്പള്ളിയിലെ പൊന്നമ്പത്ത് ബി.കെ.തിരുവോത്ത് (ടി.ബാലകൃഷ്ണക്കുറുപ്പ്- 92) അന്തരിച്ചു. ആദ്യകാല സോഷ്യലിസ്റ്റും കോൺഗ്രസ് നേതാവുമായിരുന്നു. അസംഘടിതരായിരുന്ന കേരളത്തിലെ സഹകരണമേഖലയിലെ ജീവനക്കാരെയും പെൻഷൻകാരെയും സംഘടിപ്പിച്ച് അവകാശങ്ങൾ നേടിയെടുക്കുന്നതിന് മുന്നിൽ നിന്നു ഇദ്ദേഹം. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് അസോസിയേഷൻ സ്ഥാപക സെക്രട്ടറിയും കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സ്ഥാപക പ്രസിഡന്റുമായിരുന്നു. പ്രൈമറി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് പെൻഷനേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റാണ്. വില്ല്യാപ്പള്ളി സഹകരണ ബാങ്ക് സെക്രട്ടറിയായാണ് വിരമിച്ചത്. പഠനകാലത്ത് വിദ്യാർഥി കോൺഗ്രസിൽ സജീവമായ ഇദ്ദേഹം പിന്നീട് കോൺഗ്രസ് സോഷ്യലിസ്റ്റ് പക്ഷത്തെത്തി. സോഷ്യലിസ്റ്റ് യുവജനസഭാ സംസ്ഥാന സെക്രട്ടറിയുമായി. പിന്നീട് മാതൃസംഘടനായ കോൺഗ്രസിൽ തിരിച്ചെത്തി. ഡിസിസി അംഗമായി. കെ.കരുണാകരനോട് ഏറ്റവും അടുപ്പമുള്ള നേതാവായിരുന്നു. സാഹിത്യരംഗത്തും സജീവമായിരുന്നു ഇദ്ദേഹം. തേൻതുള്ളി (ചെറുകഥകൾ), സോഷ്യലിസം വഴിത്തിരിവിൽ (ലേഖനങ്ങൾ), ഗാന്ധിജി കമ്മ്യൂണിസ്റ്റ് കണ്ണിൽ (ലേഖനം), പരൽമീനുകൾ (കവിത), മലബാറിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം (ചരിത്രം), പഴമയിൽ നിന്നൊരു കാറ്റാടി (ലേഖനങ്ങൾ), വി.പി.സ്വാതന്ത്ര്യസമരത്തിലെ ഒരേട്, അധികാരികളെ ഞെട്ടിച്ച ഓഗസ്റ്റ് സ്‌ഫോടനങ്ങൾ (കെ.ബി.മേനോന്റെ ജീവചരിത്രം) എന്നിവയാണ് പ്രധാനകൃതികൾ. സാഹിത്യരംഗത്തെ സംഭാവനകളെ ആദരിച്ചു കൊണ്ട് 2015-ലെ സദ്ഭാവന സാഹിത്യ പുരസ്‌ക്കാരവും 2014-ലെ അർപ്പണവിജ്ഞാന വേദി അവാർഡും ഇദ്ദേഹത്തെ തേടിയെത്തി.
അച്ഛൻ: പരേതനായ കായക്കൊടി കുറുങ്ങോട്ട് കുന്നുമ്മൽ ചന്തുക്കുറുപ്പ്. അമ്മ: പരേതയായ കണ്ടിമീത്തൽ കുഞ്ഞിപാർവതി അമ്മ.
ഭാര്യ: അംബുജം. മക്കൾ: മധുസൂദനൻ (റിട്ട ഡിസ്ട്രിക്റ്റ് ശിരസ്തദാർ, തലശ്ശേരി ജില്ലാ കോടതി), ശ്രീജ (റിട്ട പ്രധാനാധ്യാപിക, കായക്കൊടി ഹൈസ്്കൂൾ), നീന (ചെന്നൈ)
മരുമക്കൾ: കെ. ടി.മോഹൻദാസ് (റിട്ട ഡിഇഒ. താമരശ്ശേരി), പദ്മനാഭൻ (റിട്ട. മദ്രാസ് യൂണിവേഴ്‌സിറ്റി), ഷീജ പന്ന്യന്നൂർ (ലീഗൽ മെട്രോളജി ഇൻസ്പക്ടർ, കൊയിലാണ്ടി)
സഹോദരങ്ങൾ: ടി. ഭാസ്‌കരക്കുറുപ്പ് (റിട്ട ചീഫ് എൻജിനിയർ, ബോർഡർ റോഡ്‌സ്). പരേതരായ ടി. മിനാക്ഷി അമ്മ, ടി. കമലാവതി അമ്മ, ടി. രാമകൃഷ്ണക്കുറുപ്പ്, ടി. പദ്മനാഭക്കുറുപ്പ്, ടി. ഗോവിന്ദൻകുട്ടി ക്കുറുപ്പ്.
സംസ്‌കാരം തിങ്കൾ കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe