അമ്പലപ്പുഴ: ആലപ്പുഴയില്‍ കൂടിയ വിലക്കും വില രേഖപ്പെടുത്താതെയും വിൽപ്പന നടത്തിയ സിഗററ്റുകൾ പരിശോധനയിൽ പിടികൂടി. ലീഗൽ മെട്രോളജി ഫ്ലൈയിംഗ് സ്ക്വാഡ് ഡെപ്യൂട്ടി കൺട്രോളർ എൻ.സി സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ സിഗററ്റുകൾ പിടിച്ചെടുത്തത്.
ജമ്മു കാശ്മീരിൽ മാത്രം വിൽക്കാൻ അനുമതി നൽകിയിട്ടുള്ള 49 രൂപ വിലയുള്ള സിഗററ്റ് കവറിന് പുറത്ത് 80 രൂപയുടെ സ്റ്റിക്കർ പതിച്ച് വിൽപ്പന നടത്തുന്നതായും വില രേഖപ്പെടുത്താത്ത വിദേശ സിഗററ്റ് 400 രൂപക്ക് വരെ വിൽപ്പന നടത്തുന്നതും കണ്ടെത്തി. ഈ കടയുടമകൾക്കെതിരെ നിയമ നടപടി സ്വീകരിച്ചു. നാല്പതോളം കടകളിൽ നടത്തിയ പരിശോധനയിൽ കട ഉടമകളിൽ നിന്ന് ഇതുവരെ രണ്ടര ലക്ഷം രൂപ പിഴ ഈടാക്കിയതായും പരിശോധക സംഘം അറിയിച്ചു. സിഗററ്റ് വിൽപ്പനക്കെതിരെ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇൻസ്പെക്ടർ ഹരികൃഷ്ണക്കുറുപ്പ്, മുരളി കെ, സുനിൽ കുമാർ വി.എസ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.