സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയാകും; പ്രഖ്യാപനം ഉടൻ

news image
May 16, 2023, 1:30 pm GMT+0000 payyolionline.in

ബംഗളൂരു: ദിവസങ്ങൾ നീണ്ട ഉദ്വേഗത്തിനൊടുവിൽ കർണാടക മുഖ്യമന്ത്രിയായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെ കോൺഗ്രസ് ഹൈകമാൻഡ് തീരുമാനിച്ചതായി റിപ്പോർട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. അവസാന നിമിഷം വരെ പദവിക്കായി ഉറച്ചുനിന്ന പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാറിനെ അനുനയിപ്പിച്ചാണ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.

ഏറെനേരം നീണ്ട ചർച്ചകൾക്കൊടുവിൽ രാഹുൽ ഗാന്ധി സിദ്ധരാമയ്യക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ചുമതല കോൺഗ്രസ് തെരഞ്ഞെടുപ്പ് നിരീക്ഷക സമിതി, ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കൈമാറിയിരുന്നു.

ബി.ജെ.പിക്കെതിരെ നേടിയ ത്രസിപ്പിക്കുന്ന ജയത്തിന്‍റെ തിളക്കം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നതിലൂടെ ഇല്ലാതാവരുതെന്ന് മുതിർന്ന നേതാക്കൾ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നു. നേരത്തെ, എ.ഐ.സി.സി നിരീക്ഷക സമിതി എല്ലാ എം.എൽ.എമാരുമായും സംസാരിച്ച് ആരെയാണ് പിന്തുണക്കുന്നതെന്ന അഭിപ്രായം തേടിയിരുന്നു. 85 എം.എൽ.എമാരും സിദ്ധരാമയ്യയെ പിന്തുണക്കുന്നുവെന്നാണ് നിരീക്ഷക സമിതിയുടെ റിപ്പോർട്ട്. 45 എം.എൽ.എമാരാണ് ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടത്. അതേസമയം അഞ്ച് അംഗങ്ങൾ മുഖ്യമന്ത്രിയെ ഹൈക്കമാന്റ് തീരുമാനിക്കട്ടേയെന്ന നിലപാടുകാരാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെയാണ്, മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചുമതല ദേശീയ അധ്യക്ഷന് വിട്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe