കൊച്ചി: സിനിമകളിലെ അക്രമ രംഗങ്ങൾ അക്രമവാസനക്ക് പ്രേരണയാകുന്നതായി ഹൈകോടതി. സിനിമയിലെ ഇത്തരം രംഗങ്ങൾ സമൂഹത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. എന്നാൽ, അഭിപ്രായം പ്രകടിപ്പിക്കാനുള്ള ഭരണഘടനാനുസൃത സ്വാതന്ത്ര്യത്തിന്റെ മറവിൽ ഇതെല്ലാം ന്യായീകരിക്കപ്പെടുന്നതിനാൽ ഇപെടാൻ ഭരണകൂടങ്ങൾക്ക് പരിധിയുണ്ട്.
അതേസമയം, ഇത്തരം അക്രമരംഗങ്ങൾക്കും പരിധി വേണ്ടതാണ്. അക്രമങ്ങളെ മഹത്വവത്കരിക്കുകയാണ് ഇത്തരം സിനിമകൾ ചെയ്യുന്നത്. മനസ്സിലെ ധാർമികത നഷ്ടപ്പെട്ട അവസ്ഥയിലാണ് സമൂഹമെന്നും ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെ വനിത കമീഷൻ അഭിഭാഷകയാണ് സിനിമയിലെ അക്രമരംഗങ്ങളുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ശ്രദ്ധയിൽപെടുത്തിയത്. സിനിമയിൽ മാത്രമല്ല ടൂറിസം മേഖലയിലടക്കം ലിംഗഭേദവും ഉപദ്രവവും നിലനിൽക്കുന്നതായി വനിത സിനിമ പ്രവർത്തകരുടെ സംഘടനയായ ഡബ്ല്യു.സി.സിയും അറിയിച്ചു. ഈ വിഷയങ്ങളെല്ലാം സിനിമയുമായി ബന്ധപ്പെട്ട നിയമനിർമാണത്തിൽ ഉൾപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരാതി നൽകിയവർക്ക് നോട്ടീസ് അയച്ചാൽ ഭൂരിപക്ഷം പേരും പ്രതികരിക്കുന്നില്ലെന്നും മൊഴി നൽകാൻ താൽപര്യമില്ലാത്തവരെ പ്രത്യേക അന്വേഷണസംഘം നിർബന്ധിക്കുന്നുവെന്നുമുള്ള പരാതികളും ഉയർന്നു.
പല തവണ നോട്ടീസ് ലഭിച്ചവരുമുണ്ട്. അന്വേഷണത്തിന്റെ പേരിൽ ആരെയും ബുദ്ധിമുട്ടിക്കരുതെന്ന് കോടതി നിർദേശിച്ചു. അന്വേഷണ സംഘത്തിൽനിന്ന് ബുദ്ധിമുട്ടുണ്ടായാൽ ഹൈകോടതിയെ സമീപിക്കാം. നോട്ടീസ് കിട്ടിയവർക്ക് മജിസ്ട്രേറ്റിന് മൊഴി നൽകാം. അല്ലെങ്കിൽ താൽപര്യമില്ലെന്ന് അറിയിക്കാം.
സിനിമാമേഖലയിലെ സ്ത്രീസുരക്ഷക്കായി പ്രത്യേക നിയമം തയാറാക്കുന്നതിന്റെ നടപടികളിലെ പുരോഗതി കോടതി ആരാഞ്ഞു. ചർച്ചകൾ നടക്കുകയാണെന്നും വിശദീകരണത്തിന് കൂടുതൽ സമയം നൽകണമെന്നുമായിരുന്നു സർക്കാറിന്റെ മറുപടി. തുടർന്ന് ഏപ്രിൽ നാലിന് ഹരജി വീണ്ടും പരിഗണിക്കാൻ മാറ്റി.