കൊച്ചി: ജൂൺ ഒന്നുമുതൽ സംസ്ഥാനത്ത് ഒരുവിഭാഗം സിനിമ സംഘടനകൾ നടത്തുന്ന സമരത്തെ തള്ളി താരസംഘടനയായ അമ്മ. സിനിമ പണിമുടക്കിന് ഒരു പിന്തുണയും നൽകേണ്ടതില്ലെന്ന് സംഘടനയിലെ അംഗങ്ങളുടെ പ്രത്യേക യോഗത്തിൽ തീരുമാനിച്ചു.
ഇതിനിടെ, നിർമാതാവ് ആന്റണി പെരുമ്പാവൂരിനോടുള്ള നിലപാട് കടുപ്പിച്ച് കേരള ഫിലിം ചേംബറും രംഗത്തെത്തി. ജി. സുരേഷ് കുമാറിനെതിരായ ആന്റണിയുടെ പ്രസ്താവന ശരിയായില്ലെന്നും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് നോട്ടീസ് നൽകാൻ ഫിലിം ചേംബർ യോഗത്തിൽ തീരുമാനമായി. ആൻറണി ഏഴുദിവസത്തിനകം പോസ്റ്റ് പിൻവലിക്കണമെന്നും നോട്ടീസിന് മറുപടി നൽകണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. നിർമാതാവ് ജി. സുരേഷ് കുമാർ പറഞ്ഞത് ഫിലിം ചേംബറിന്റെ കൂട്ടായ തീരുമാനമാണ്. നേരത്തേ പ്രഖ്യാപിച്ചതുപോലെ സിനിമ സമരത്തിൽ ഉറച്ചുനിൽക്കുകയാണ് സംഘടന. സിനിമ മേഖലയിലെ ആരോപണ-പ്രത്യാരോപണങ്ങളുൾപ്പെടെ വിവാദം കത്തിനൽക്കുന്നതിനിടെയാണ് താരസംഘടനയും ഫിലിം ചേംബറും വെവ്വേറെയായി യോഗം ചേർന്നത്. സമരവുമായി ബന്ധപ്പെട്ടും താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ടും ഇരുസംഘടനകൾക്കുമിടയിൽ ശീതസമരം മുറുകുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുന്ന സിനിമ വ്യവസായത്തെ ചിലരുടെ പിടിവാശി മൂലം അനാവശ്യ സമരത്തിലേക്കാണ് വലിച്ചിഴക്കുന്നതെന്ന് ‘അമ്മ’ യോഗത്തിൽ വിലയിരുത്തി. ഇത് സിനിമയെ ആശ്രയിച്ചുകഴിയുന്ന നിരവധി തൊഴിലാളികളെയും കൂടുതൽ പ്രതിസന്ധിയിലാക്കും. അഭിനേതാക്കളുടെ പ്രതിഫലം സംബന്ധിച്ച കാര്യങ്ങളിൽ അടുത്ത അമ്മ ജനറൽബോഡിക്ക് ശേഷമേ തീരുമാനിക്കാൻ കഴിയൂവെന്നും യോഗം തീരുമാനിച്ചു.
മലയാള സിനിമയുടെ ഉന്നമനം ലക്ഷ്യമാക്കി ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന ഏതു സംഘടനകളുമായും ചർച്ചക്ക് തയാറാണെന്നും യോഗത്തിനുശേഷം പുറത്തിറക്കിയ വാർത്തകുറിപ്പിൽ സംഘടന വ്യക്തമാക്കി. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ടൊവീനോ തോമസ്, ബേസിൽ ജോസഫ്, ജോജു ജോർജ്, ബിജു മേനോൻ, വിജയരാഘവൻ, സായ് കുമാർ, മഞ്ജു പിള്ള, ബിന്ദു പണിക്കർ തുടങ്ങി 50ഓളം അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.
ചേംബർ നിലനിൽക്കുന്നത് സിനിമ വ്യവസായത്തിനാണെന്നും ഒരുതാരവും സിനിമ വ്യവസായത്തിൽ അവിഭാജ്യ ഘടകമല്ലെന്നും ഫിലിം ചേംബർ പ്രസിഡൻറ് ബി.ആർ. ജേക്കബ് പറഞ്ഞു. പല താരങ്ങളും പ്രമോഷന് സഹകരിക്കുന്നില്ല. പടം പൊട്ടിയാൽ താരങ്ങൾ പ്രതിഫലം കുറക്കാൻ തയാറാകുമോയെന്നും ഭാരവാഹികൾ ചോദിച്ചു. മറ്റു സംഘടനകളില്ലെങ്കിലും സമരം നടത്തും. ഇതിന്റെ ഭാഗമായി സൂചന പണിമുടക്കുണ്ടാകും. സിനിമ നിർത്തണമെന്ന് നിർമാതാക്കൾ വിചാരിച്ചാൽ നിർത്തിയിരിക്കുമെന്ന് യോഗത്തിനുശേഷം ജി. സുരേഷ് കുമാറും പറഞ്ഞു.