സിനിമാ മേഖലയിൽ സർക്കാരിന്റെ നേരിട്ടുള്ള ഇടപെടൽ; ലക്ഷ്യം സാമ്പത്തികസുരക്ഷ

news image
Sep 5, 2023, 5:38 am GMT+0000 payyolionline.in

തിരുവനന്തപുരം∙ സിനിമയെ സമ്പൂർണ വ്യവസായമായിക്കണ്ട്, ഈ രംഗത്ത് നിക്ഷേപം നടത്തുന്നവരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന തരത്തിൽ കരടു സിനിമാ നയം തയാറാകുന്നു. സിനിമാ മേഖലയിൽ സർക്കാരിന്റെ നേരിട്ടുള്ള ഇടപെടൽ സാധ്യമാക്കുന്ന തരത്തിലാണ് നിയമാവലി തയാറാകുന്നത്. സിനിമയിൽ സൗഹാർദപരമായ സാന്നിധ്യം ഉറപ്പു വരുത്തുന്നതിനൊപ്പം ചലച്ചിത്ര മേഖലയ്ക്കായി കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാനും സർക്കാർ തയാറാകും.

കേരളത്തെ തെക്കേ ഇന്ത്യയിലെ പ്രധാന ‘ഷൂട്ടിങ് ഡെസ്റ്റിനേഷൻ’ ആക്കി മാറ്റാനും ഈ മേഖലയിൽ സംസ്ഥാനത്തേക്കു കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനും പദ്ധതികൾ കൊണ്ടുവരും. ചലച്ചിത്ര നിർമാണ മേഖലയ്ക്കുള്ള സർക്കാരിന്റെ സഹായ പദ്ധതികളിലും വൻ അഴിച്ചുപണി പ്രതീക്ഷിക്കുന്നു. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് നിർമാതാവ് ചെലവഴിക്കുന്ന പണം എത്രത്തോളം സംസ്ഥാനത്തിന് ഗുണകരമാകുന്നു എന്നതു കണക്കാക്കി ചലച്ചിത്ര വ്യവസായികൾക്കും നിർമാതാക്കൾക്കും കമ്പനികൾക്കും പ്രത്യേക ഇളവുകളും റിബേറ്റുകളും നൽകുന്ന രീതി മറ്റു സംസ്ഥാനങ്ങളിലുണ്ട്.

ആ മാതൃകയിൽ സാമ്പത്തിക ഇളവുകൾ നൽകുന്നതും കേരളത്തിന്റെ പരിഗണനയിലുണ്ട്. ദേശീയ– രാജ്യാന്തര തലത്തിൽ പുരസ്കാരങ്ങൾ നേടുന്ന സിനിമകൾക്കും അണിയറ പ്രവർത്തകർക്കും സബ്സിഡിയും സാമ്പത്തിക സഹായവും വർധിപ്പിക്കും. സർക്കാർ നിയന്ത്രിത ഇടങ്ങളിലെ ചിത്രീകരണത്തിന് വിവിധ ഓഫിസുകളെയും ഉദ്യോഗസ്ഥരെയും സമീപിക്കുന്ന രീതി മാറ്റി ഒറ്റ കേന്ദ്രത്തിൽ നിന്ന് മുഴുവൻ അനുമതിയും ലഭ്യമാക്കുന്ന സംവിധാനവും വരും. ടൂറിസം സർക്യൂട്ടുകളിലും സർക്കാർ മന്ദിരങ്ങളിലും ചിത്രീകരണത്തിന് പ്രത്യേക ഇളവുകളുണ്ടാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe