സിനിമ എടുത്താൽ മാഫിയ ആകില്ല, യഥാർഥ ലഹരിമാഫിയയെ കണ്ടെത്തണം -ആഷിഖ് അബു

news image
Sep 2, 2024, 11:31 am GMT+0000 payyolionline.in

മലയാള സിനിമാലോകത്തെ ലഹരിമാഫിയക്ക് നേത്രത്വം നൽകുന്നത് താനാണെന്നുള്ള ആരോപണങ്ങൾക്ക് മറുപടി നൽകി ആഷിഖ് അബു. ‘ഇടുക്കി ഗോൾഡ്’ എന്ന സിനിമ എടുത്തത് കൊണ്ട് മാത്രം താൻ മാഫിയ തലവൻ ആകില്ലെന്നും നിയമസംവിധാനം വഴി ലഹരി മാഫിയയെ കണ്ടെത്താമെന്നും ആഷിഖ് അബു പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇത്തരം ലഹരി മാഫിയകളെപ്പറ്റി പറയുന്നുണ്ട്, അതുകൊണ്ട് തന്നെ ആരാണ് ശരിക്കുള്ള ഇവിടത്തെ ലഹരി മാഫിയയെന്ന് കണ്ടെത്തണമെന്നും  ആഷിഖ് അബു പറഞ്ഞു.

‘ഇടുക്കി ഗോൾഡ്’ എന്ന സിനിമ ഞാൻ സംവിധാനം ചെയ്തു അത് ഇന്നുമൊരു കൾട്ട് ആയി ആളുകൾ ആസ്വദിക്കുന്നുണ്ട്. അതിന്റെ പേരിലാണ് ഒരു ലഹരി മാഫിയ വാദം എന്‍റെ മേൽ വന്നത്. ഇത്തരത്തിൽ വാദം ഉള്ളവർക്ക് ഇവിടത്തെ നിയമസംവിധാനത്തെ സമീപിക്കാവുന്നതാണ്. പരാതി കൊടുത്താൽ എന്തായാലും അതിന്മേൽ അന്വേഷണം ഉണ്ടാകുമല്ലോ. ആരെങ്കിലും പരാതിയുമായി മുന്നോട്ട് വന്നാൽ അതിൽ അന്വേഷണം വേണമെന്നാണ് എന്‍റെ അഭിപ്രായം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇത്തരം ലഹരി മാഫിയകളെപ്പറ്റി പറയുന്നുണ്ട്, അതുകൊണ്ട് തന്നെ അതിൽ അന്വേഷണം വേണം. ആരാണ് ശരിക്കുള്ള ഇവിടത്തെ ലഹരി മാഫിയയെന്ന് കണ്ടെത്തണം,’ ആഷിഖ് അബു പറഞ്ഞു.

മട്ടാഞ്ചേരി ഗ്യാങ്ങിന്‍റെ തലവൻ താൻ ആണെന്നുള്ള വാദത്തിനും ആഷിഖ് അബു മറുപടി നൽകുന്നുണ്ട്. ‘ഞങ്ങളുടേത് ഒരു പേരും ഇല്ലാത്തൊരു ഗ്യാങ് ആണ്. ഞങ്ങൾ സുഹൃത്തുക്കൾ ആയിട്ടുള്ളവരാണ് ആ ഗ്യാങ്ങിൽ ഉള്ളത്. സുഹൃത്ത് ബന്ധത്തിന് അപ്പുറം യാതൊരു അജണ്ടയും ഞങ്ങൾക്ക് ഇല്ല. അതിനെ വ്യക്തിപരമായ വിമർശനങ്ങളായി കണ്ടാൽ മതി,’ ആഷിഖ് അബു പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe