മംഗളൂരു: ഉത്തര കന്നട ദണ്ഡേലിയിലെ വീട്ടിൽ നിന്ന് ‘സിനിമ ഷൂട്ടിങ്ങിന് മാത്രം’ എന്ന് എഴുതിയ 500 രൂപയുടെ വ്യാജ കറൻസി നോട്ടുകൾ ഉത്തര കന്നട പൊലീസ് കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദണ്ഡേലി ഗാന്ധിനഗറിലെ വാടക വീട് പൊലീസ് പരിശോധിച്ചാണ് കള്ളനോട്ടുകളും പണം എണ്ണുന്ന യന്ത്രവും പിടിച്ചെടുത്തത്. അർഷാദ് ഖാൻ എന്നയാളാണ് ഇവിടെ താമസിച്ചിരുന്നത്.
നൂർജാൻ ജുൻജുവാദ്കറിന്റേതാണ് വീട്. ഗോവ സ്വദേശിയാണെന്ന് പറയപ്പെടുന്ന ഖാൻ ഒരു മാസമായി വീട്ടിൽ ഇല്ലെന്ന് ജുൻജുവാദ്കറിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. വ്യാജ കറൻസി നോട്ടുകളിൽ ‘റിവേഴ്സ് ബാങ്ക് ഓഫ് ഇന്ത്യ’ എന്ന് എഴുതിയിരുന്ന നോട്ടിൽ ആർ.ബി.ഐ ഗവർണറുടെ ഒപ്പ് ഉണ്ടായിരുന്നില്ല എന്നും പൊലീസ് പറഞ്ഞു.
തിളങ്ങുന്ന കടലസിലാണ് നോട്ടുകൾ അച്ചടിച്ചിരുന്നത്. നമ്പറിന്റെ സ്ഥാനത്ത് പൂജ്യം മാത്രം എഴുതിയിരുന്നു. ‘സിനിമ ഷൂട്ടിങ്ങിന് മാത്രം’ എന്ന് അവയിൽ ആലേഖനം ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു. ഖാനെ ചോദ്യം ചെയ്യുന്നതിനായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.