വടകര: സിപിഐ നേതാവും പൊതുപ്രവര്‍ത്തകനുമായ യുവാവിനെ വടകര പോലീസ് സ്റ്റേഷനില്‍ മര്‍ദിച്ചതുമായി ബന്ധപ്പെട്ട കോടതിവിധിയുടെ പശ്ചാത്തലത്തില്‍ അന്നത്തെ വടകര എസ്ഐയും നിലവില്‍ തൃശ്ശൂരില്‍ ഡിവൈഎസ്പിയുമായ പി.എം. മനോജിന് സസ്പെന്ഷന്. സംസ്ഥാന പോലീസ് മേധാവി നല്കിയ റിപ്പോര്‍ട്ടുപ്രകാരമാണ് ആഭ്യന്തരവകുപ്പിന്റെ നടപടി.
മര്‍ദനമേറ്റ മണിയൂര്‍ സ്വദേശി രഞ്ജിത്ത് കോണിച്ചേരി സമര്‍പ്പിച്ച സ്വകാര്യ അന്യായത്തില്‍ 2019 നവംബറില്‍ വടകര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മനോജിനെയും അഡീഷണല്‍ എസ്ഐ സി.എ. മുഹമ്മദിനെയും ഒരുമാസം സാധാരണതടവിന് ശിക്ഷിച്ചിരുന്നു. തുടര്‍ന്ന്, മനോജ് അപ്പീല്‍ പോയി. 2024-ല്‍ മനോജിന്റെ ശിക്ഷ ശരിവെച്ചുകൊണ്ടും മുഹമ്മദിനെ കുറ്റവിമുക്തനാക്കിയും കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. ഇതിനുപിന്നാലെ മനോജ് ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയതുപ്രകാരം ഈ ഹര്‍ജി തീര്‍പ്പാക്കുംവരെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി സസ്പെന്‍ഡുചെയ്തു. എന്നാല്‍, കോടതിവിധിച്ച കുറ്റം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മനോജ് ഗുരുതരമായ അധികാരദുര്‍വിനിയോഗം, കൃത്യവിലോപം, പോലീസ് സേനയുടെ സത്പേരിന് കളങ്കം ചാര്‍ത്തല്‍ എന്നിവ വരുത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സസ്പെന്ഷന്.
2011 മാര്‍ച്ച് 26-നാണ് കേസിനാസ്പദമായ സംഭവം. സഹോദരന് ഷാജിയുടെ പേരിലുള്ള പരാതിയെക്കുറിച്ച് അന്വേഷിക്കാനെത്തിയ രഞ്ജിത്തിനെ മനോജും മുഹമ്മദും മര്‍ദിച്ചെന്നും ലോക്കപ്പില്‍ തടഞ്ഞുവെച്ചെന്നുമായിരുന്നു പരാതി.
