ന്യൂഡൽഹി: സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ നിബന്ധനകളിൽ ഇളവ്. ഒരേ പേരും അഫിയിലിയേഷൻ നമ്പറും ഉപയോഗിച്ച് സ്കൂളുകളുടെ ശാഖകൾ തുടങ്ങാൻ അനുമതി നൽകിയതാണ് പ്രധാന പരിഷ്കരണം. ഒരേ പേരും അഫിലിയേഷൻ നമ്പറും ഉപയോഗിക്കാമെങ്കിലും ഇങ്ങനെ തുടങ്ങുന്ന സ്കൂളുകൾക്ക് വിദ്യാഭ്യാസ- അടിസ്ഥാന സൗകര്യങ്ങളും മറ്റ് സംവിധാനങ്ങളും പ്രത്യേകമായി തന്നെ ഉണ്ടായിരിക്കണമെന്നതാണ് പ്രധാന നിബന്ധന.
കുട്ടികൾക്ക് പ്രധാന സ്കൂളിൽ നിന്നും ശാഖാ സ്കൂളിലേക്ക് മാറാൻ ബുദ്ധിമുട്ടുണ്ടാവില്ല. ഇങ്ങനെയുള്ള മാറ്റം പുതിയ അഡ്മിഷനായി പരിഗണിക്കുകയുമില്ലെന്നും സിബിഎസ്ഇ പുറത്തിറക്കിയ പുതിയ ചട്ടങ്ങളിൽ പറയുന്നു. പ്രധാന സ്കൂളിന് ആറാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികളുടെ അധ്യയനം നടത്താൻ സാധിക്കുമ്പോൾ, ശാഖാ സ്കൂളുകൾക്ക് പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെയായിരിക്കും ക്ലാസുകൾ നടത്താൻ അനുവാദമുണ്ടാവുക.
പ്രധാന സ്കൂളിന്റെയും ശാഖാ സ്കൂളിന്റെയും മാനേജ്മെന്റും ഉടമസ്ഥതയും ഒന്നു തന്നെയായിരിക്കും. ഇവിടങ്ങളിൽ ഒരേ തരത്തിലുള്ള പഠന, അഡ്മിനിസ്ട്രേറ്റീവ് രീതികൾ പിന്തുടരുകയും വേണം. സ്കൂളുകൾക്ക് ഒരേ വെബ്സൈറ്റ് തന്നെ ആയിരിക്കണമെന്നും അതിനുള്ളിൽ ഉപ-സ്കൂളിന് വേണ്ടി ഒരു പ്രത്യേക സെക്ഷൻ ഉണ്ടായിരിക്കണമെന്നും സിബിഎസ്ഇ സെക്രട്ടറി ഹിമാൻഷു ഗുപ്ത പറഞ്ഞു.
അഡ്മിഷൻ പ്രവർത്തനങ്ങളും അക്കൗണ്ടുകളും പ്രധാന സ്കൂളിന്റെ തന്നെ മേൽനോട്ടത്തിലായിരിക്കും നടത്തേണ്ടത്. അഞ്ചാം ക്ലാസ് വരെ ശാഖാ സ്കളുകളിൽ പഠിക്കുന്ന കുട്ടികൾ ആറാം ക്ലാസിൽ സ്വമേധയാ തന്നെ പ്രധാന സ്കൂളിലേക്ക് മാറ്റപ്പെടും. ഇത് പുതിയ അഡ്മിഷനായി കണക്കാക്കില്ല. രണ്ട് സ്കൂളിനും പ്രത്യേകം അധ്യാപക, അനധ്യാപക ജീവനക്കാർ ഉണ്ടാവുമെങ്കിലും ശമ്പളം വിതരണം ചെയ്യുന്നത് പ്രധാന സ്കൂളിൽ നിന്നു തന്നെ ആയിരിക്കണമെന്നും സിബിഎസ്ഇ നിബന്ധനകളിൽ വിശദീകരിക്കുന്നു.
നിലവിൽ സ്കൂളുകൾക്ക് ശാഖാ സ്കൂളുകൾ തുടങ്ങാൻ സിബിഎസ്ഇയുടെ അനുമതി ഉണ്ടായിരുന്നില്ല. ഒരേ ഗ്രൂപ്പിന് കീഴിൽ രണ്ടാമതൊരു സ്കൂൾ കൂടി തുടങ്ങിയാൽ അതിന് പ്രത്യേക അഫിലിയേഷൻ നമ്പർ ആവശ്യമായിരുന്നു. ഇതിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. എന്നാൽ എല്ലാ കാര്യങ്ങളിലും സിബിഎസ്ഇ ആശയ വിനിമയം നടത്തുന്നത് പ്രധാന സ്കൂളിന്റെ പ്രിൻസിപ്പലുമായി ആയിരിക്കുമെന്നും പുതിയ നിബന്ധനകളിൽ വിശദീകരിക്കുന്നു.