സിയാൽ 2.0; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സമ്പൂർണ ഡിജിറ്റൽവത്കരണത്തിലേയ്ക്ക്

news image
May 14, 2025, 8:33 am GMT+0000 payyolionline.in

സിയാൽ 2.0 എന്ന ബൃഹദ് പദ്ധതിയിലൂടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സമ്പൂർണ ഡിജിറ്റൽവത്ക്കരണമെന്ന ലക്ഷ്യം യാഥാർഥ്യമാവുകയാണ്. നിർമ്മിതബുദ്ധി, ഓട്ടോമേഷൻ, പഴുതടച്ച സൈബർ സുരക്ഷ എന്നിവയിലൂടെ വിമാനത്താവള പ്രവർത്തനങ്ങൾ പൂർണ്ണമായും ഡിജിറ്റൈസ് ചെയ്യുന്നു. ഒപ്പം യാത്രക്കാർക്ക് അതിവേഗം സുരക്ഷാ പ്രക്രിയ പൂർത്തിയാക്കാനുകും. 200 കോടി രൂപ മുതൽ മുടക്കിൽ നടപ്പാകുന്ന പദ്ധതി മെയ് 19 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് സിയാൽ കൺവെൻഷൻ സെന്ററിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും സിയാൽ ചെയർമാനുമായ ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കുക, യാത്രക്കാരിലേക്ക് കൂടുതൽ കൃത്യതയോടെ സേവനങ്ങൾ ലഭ്യമാക്കുക എന്നിവയാണ് സിയാൽ 2.0 യിലൂടെ ലക്ഷ്യമിടുന്നതെന്ന് സിയാൽ മാനേജിങ് ഡയറക്ടർ സുഹാസ് ഐ.എ.എസ്. സൈബർ സ്പെയ്സിലെ പുതിയ വെല്ലുവിളികൾ നേരിടുക, യാത്ര സുഗമമാക്കുക എന്നീ ഉദ്ദേശ്യത്തോടെ നടപ്പിലാക്കുന്ന വിവര സാങ്കേതികവിദ്യ അനുബന്ധ പദ്ധതികളാണ് സിയാൽ 2.0 യിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബഹു. മുഖ്യമന്ത്രിയുടെയും ഡയറ്കടർ ബോർഡിന്റെയും നിർദേശാനുസരണം നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ വളർച്ചയുടെ പുതിയൊരു ഘട്ടത്തിന് തുടക്കം കുറിക്കുകയാണെന്നും എംഡി പറഞ്ഞു.

സിയാൽ 2.0 യുടെ ഭാഗമായി ഉദ്ഘാടനം ചെയ്യപ്പെടുന്ന പദ്ധതികൾ ചുവടെ:

  1. സൈബർ ഡിഫൻസ് ഓപ്പറേഷൻസ് സെന്റർ (സി-ഡോക്)*

നിർമാണം പൂർത്തീകരിച്ച സൈബർ ഡിഫൻസ് ഓപ്പറേഷൻസ് സെന്റർ പ്രവർത്തന സജ്ജമാകുന്നതോടെ വിമാനത്താവളവുമായി ബന്ധപ്പെട്ട എല്ലാ ഓൺലൈൻ സംവിധാനങ്ങളുടെ സെർവറുകളും സൈബർ സുരക്ഷാ സാങ്കേതികവിദ്യയും തദ്ദേശീയമായി തന്നെ കൈകാര്യം ചെയ്യാനാകും. സൈബർ ഭീഷണികളെ നിരന്തരം നിരീക്ഷിക്കുകയും കണ്ടെത്തുകയും നിർവീര്യമാക്കുകയും ചെയ്യാൻ ശേഷിയുള്ളതാണ് ഈ സംവിധാനം. ഇതോടെ വിദേശത്ത് നിന്ന് നിരന്തരമുണ്ടാകുന്ന വിവിധ തരത്തിലുള്ള ഓൺലൈൻ അക്രമങ്ങളെ കാര്യക്ഷമമായി പ്രതിരോധിക്കാൻ കഴിയും.

  1. ഫുൾ ബോഡി സ്കാനറുകൾ

•യാത്രക്കാരുടെ സുരക്ഷാ പരിശോധന വേഗത്തിലും സുരക്ഷാ ഭടൻമാരുടെ ഇടപെടൽ ഇല്ലാതെയും പൂർത്തിയാക്കാൻ ഫുൾ ബോഡി സ്കാനറുകൾ സ്ഥാപിച്ചുവരുന്നു

•സുരക്ഷാ പരിശോധന സമയത്ത് ക്യാബിൻ ബാഗേജുകളുടെ നീക്കം വേഗത്തിലാക്കുന്ന ഓട്ടോമേറ്റഡ് ട്രേ റിട്രീവൽ സിസ്റ്റം (ATRS)

  1. എ. ഐ അധിഷ്ഠിത നിരീക്ഷണ സംവിധാനം

വിമാനത്താവളത്തിന്റെ ഓപ്പറേഷണൽ മേഖലയിലെയും പരിസര പ്രദേശങ്ങളിലെയും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നിർമിത ബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന 4,000 ക്യാമറകൾ സ്ഥാപിച്ചുവരുന്നു. തത്സമയ നിരീക്ഷണം, വിശകലനം, അതിവേഗ ഇടപെടൽ എന്നിവ ഇതിലൂടെ സാധ്യമാകുന്നു.

  1. സ്മാർട്ട് സെക്യൂരിറ്റി

•സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കുന്നതിനുള്ള ബോംബ് ഡിറ്റക്ഷൻ ആന്റ് ഡിസ്പോസൽ സിസ്റ്റം (BDDS) ആധുനികവത്കരിക്കുന്നു.

•ലിക്വിഡ് എക്സ്പ്ലോസീവ് ഡിറ്റക്ടർ, ത്രെറ്റ് കണ്ടെയ്ൻമെൻറ് വെസ്സൽ എന്നീ സംവിധാനങ്ങളും.

  1. നിലവിലെ സംവിധാനങ്ങളുടെ ആധുനികവത്ക്കരണം

•എയർപോർട്ട് ഓപ്പറേഷണൽ ഡാറ്റാബേസ്, ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേ സിസ്റ്റം, ഫ്ളൈറ്റ് അനൗൺസ്മെന്റ് സിസ്റ്റം, കോമൺ യൂസ് പാസഞ്ചർ പ്രോസസിങ് സിസ്റ്റം, ഡാറ്റ സെന്റർ, നെറ്റ് വർക്ക് ഇൻഫ്രാസ്ട്രക്ച്ചർ എന്നിവ ആധുനികവത്ക്കരിക്കുന്നു.

•എ.ഐ അധിഷ്ഠിത ഡിജിറ്റൽ പ്ലാറ്റ്ഫോം, ബാഗേജ് ട്രാക്കിങ്, ഫേഷ്യൽ ചെക്, പ്രീ പെയ്ഡ് ടാക്സി ബുക്കിങ് കിയോസ്ക്, ലോസ്റ്റ് ഐറ്റം ട്രാക്കർ, ഡിജി യാത്ര സംവിധാനം എന്നിവ ആധുനികവത്കരിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe