സിസ്റ്റർ ലിനി അനുസ്മരണം സംഘടിപ്പിച്ചു

news image
May 21, 2026, 8:56 am GMT+0000 payyolionline.in

കൊയിലാണ്ടി: നിപ്പ മഹാമാരിക്കാലത്ത് സ്വന്തം ജീവൻ പണയം വെച്ച് രോഗികളെ പരിചരിക്കുന്നതിനിടെ പൊലിഞ്ഞുപോയ ധീര ആരോഗ്യപ്രവർത്തക സിസ്റ്റർ ലിനിയുടെ അനുസ്മരണം വികാരനിർഭരമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. കെ.ജി.എച്ച്.ഡി.എസ്.ഇ.യു (KGHDSEU – CITU) കൊയിലാണ്ടി ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് അനുസ്മരണ യോഗം ചേർന്നത്.

കൊയിലാണ്ടി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.പി. സുധീഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ജീവനക്കാരുടെ സേവന മനോഭാവവും പ്രതിബദ്ധതയും സമൂഹം എന്നും ആദരിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ ആരോഗ്യ സുരക്ഷയ്ക്കായി അവസാന നിമിഷം വരെ കടമ നിർവഹിച്ച സിസ്റ്റർ ലിനിയുടെ ത്യാഗവും സേവന മനോഭാവവും എന്നും മാതൃകയാണെന്ന് യോഗം അനുസ്മരിച്ചു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ജീവനക്കാരിയും യൂണിയൻ അംഗവുമായിരുന്ന സിസ്റ്റർ ലിനിയുടെ ജീവിതം ആരോഗ്യരംഗത്തെ ജീവനക്കാർക്ക് വലിയ പ്രചോദനമാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ ആരോഗ്യപ്രവർത്തകരുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കാൻ ശക്തമായ സംഘടനയും ഐക്യവും അനിവാര്യമാണെന്ന് യോഗത്തിൽ സംസാരിച്ച നേതാക്കൾ അഭിപ്രായപ്പെട്ടു.

ലീന എ.കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിയൻ ഏരിയ സെക്രട്ടറി ഷൈമ സ്വാഗതം പറഞ്ഞു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം രശ്മി പി.എസ്., ജില്ലാ ജനറൽ സെക്രട്ടറി ലജിഷ എ.പി., നന്ദകുമാർ ഒഞ്ചിയം, ഡോ. അസീസ്, നഴ്സിംഗ് സൂപ്രണ്ട് വനജ എന്നിവർ സംസാരിച്ചു. ലിനിയുടെ ഓർമ്മകൾ സേവനപാതയിൽ എന്നും പ്രകാശമായി നിലനിർത്തുമെന്ന പ്രതിജ്ഞയോടെയാണ് യോഗം സമാപിച്ചത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe