മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി. സീരിയൽ നമ്പറും റിട്ടേണിങ് ഓഫീസറുടെ ഒപ്പുമില്ലാത്ത ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പ് ചട്ട വിരുദ്ധമാണെന്ന പരാതി അംഗീകരിച്ചാണ് വൈസ് ചാൻസലര്‍ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. തെരഞ്ഞെടുപ്പ് പൂർത്തിയായ സാറ്റലൈറ്റ് ക്യാമ്പസുകളിലെ യൂണിയനുകളുടെ പ്രവർത്തനം തൽക്കാലം തടയാനും വി സി ഡോ. പി രവീന്ദ്രൻ നിർദേശിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങൾ ഉൾപ്പെടെ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സീനിയർ അധ്യാപകരടങ്ങുന്ന അഞ്ച് അംഗ കമ്മിറ്റിയെ വിസി നിയോഗിച്ചു. പത്തു ദിവസത്തിനുള്ളിൽ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കണം. കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്ന തെരഞ്ഞെടുപ്പിലും വോട്ടെണ്ണലിലും വ്യാപകമായ സംഘര്‍ഷമാണ് ഉണ്ടായത്. കള്ളവോട്ട് ആരോപണത്തില്‍ എസ് എഫ് ഐ – യു ഡി എസ് എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരനടക്കം ഇരുപത് പേര്‍ക്ക് പരിക്കേറ്റിരുന്നു. പിന്നാലെ വോട്ടെണ്ണല്‍ നിര്‍ത്തിവെക്കുകയും ബാലറ്റ് പേപ്പറുകള്‍ സ്ട്രോങ് റൂമിലേക്ക് മാറ്റുകയും ചെയ്തു.