സുജിത വധം: തെളിവെടുപ്പിനിടെ പ്രതികൾക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

news image
Aug 25, 2023, 11:23 am GMT+0000 payyolionline.in

മലപ്പുറം: തുവ്വൂരിൽ കുടുംബശ്രീ പ്രവർത്തക സുജിതയെ കൊന്നു കുഴിച്ചുമൂടിയ കേസിൽ യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി വിഷ്‌ണു ഉൾപ്പെടെയുള്ള പ്രതികളെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ്‌ തുടങ്ങി. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിനിടെയാണ്‌ തെളിവെടുപ്പ്‌. വിഷ്‌ണു ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ നാട്ടുകാരുടെ കയ്യേറ്റശ്രമം ഉണ്ടായി.

സുജിതയെ കൊലപ്പെടുത്തിയ കേസിൽ വിഷ്‌ണുവിനെ കൂടാതെ, സഹോദരങ്ങളായ വൈശാഖ്‌, വിവേക്‌, സുഹൃത്ത്‌ മുഹമ്മദ്‌ ഷിഹാൻ എന്നിവരെയാണ്‌ വെള്ളിയാഴ്‌ച രാവിലെ തെളിവെടുപ്പിനായി എത്തിച്ചത്‌. സംഭവ സ്ഥലത്ത്‌ വൻ ജനക്കൂട്ടമാണ്‌ തടിച്ചുകൂടിയിരിക്കുന്നത്‌. പ്രതികൾക്കെതിരെ ജനരോക്ഷം ശക്തമാണ്‌. പൊലീസ്‌ സംഘം ഏറേ പണിപ്പെട്ടാണ്‌ തെളിവെടുപ്പ്‌ നടത്തികൊണ്ടിരിക്കുന്നത്‌.

വ്യാഴാഴ്‌ച വൈകീട്ടാണ്‌ മഞ്ചേരി കോടതിയിൽനിന്ന്‌ പ്രതികളെ പൊലീസ്‌ കസ്‌റ്റഡിയിൽ വാങ്ങിയത്‌. ഡിവൈഎസ്‌പി എം സന്തോഷ്‌കുമാർ, അന്വേഷണ സംഘ തലവൻ കരുവാരക്കുണ്ട്‌ ഇൻസ്‌പെക്‌ടർ സി കെ നാസർ എന്നിവരുടെ നേതൃത്വത്തിലാണ്‌ തെളിവെടുപ്പ്‌ നടക്കുന്നത്‌.

കുടുംബശ്രീ കാർഷിക റിസോഴ്‌സ്‌പേഴ്‌സൺ എന്ന നിലയിൽ കൃഷിഭവൻ കേന്ദ്രീകരിച്ചായിരുന്നു സുജിതയുടെ പ്രവർത്തനം. കൃഷിവകുപ്പിന്റെ കേരള കർഷകൻ മാസികയുടെ ഏജൻസിയുമുണ്ട്‌. ഉച്ചവരെ കൃഷിഭവനിലും കുടുംബശ്രീയിലുമായി ഉണ്ടാകുന്ന സുജിത പലപ്പോഴും വാർഡുകളിൽ ഫീൽഡ്‌ വർക്കിൽ ആയിരിക്കും. ആഗസ്‌ത്‌ 11ന്‌ പകൽ 11നുശേഷം കാണാതായ സുജിതയുടെ മൃതദേഹം 21ന്‌ രാത്രിയാണ്‌ വിഷ്‌ണുവിന്റെ വീട്ടുമുറ്റത്ത്‌ കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയത്‌.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe