സുധാകരനെതിരെ സംസാരിച്ചത് പത്രവാർത്തയുടെ അടിസ്ഥാനത്തിൽ, കേസ് കൊടുത്താൽ നിയമപരമായി നേരിടും: എംവി ഗോവിന്ദൻ

news image
Jun 25, 2023, 1:57 pm GMT+0000 payyolionline.in

ദില്ലി: മോൺസൺ മാവുങ്കലിനെതിരായ പോക്സോ കേസിലെ ഇരയുടെ രഹസ്യമൊഴിയെന്ന പേരിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ പറഞ്ഞത് പത്ര വാർത്തയുടെ അടിസ്ഥാനത്തിലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആ പരാമർശത്തിന്‍റെ പേരിൽ കെ സുധാകരൻ കേസ് കൊടുത്താൽ നിയമപരമായി നേരിടും എന്നും സി പി എം സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു. തട്ടിപ്പുകാരനായ മോൺസൺ മാവുങ്കലിന് സംരക്ഷണവും പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സംസാരിച്ച തനിക്കെതിരെ കേസുമാണ് കോൺഗ്രസ് നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച ദേശാഭിമാനിക്കും എം വി ഗോവിന്ദനുമെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് ഇന്ന് രാവിലെ സുധാകരൻ പറഞ്ഞിരുന്നു. ഇത് മാധ്യമ പ്രവർത്തകർ ചൂണ്ടികാട്ടിയപ്പോഴാണ് സുധാകരൻ കേസ് കൊടുത്താൽ നിയമപരമായി നേരിടും എന്ന് സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയത്.

അതേസമയം മോൺസൺ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലെ അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ചെന്നും ചോദ്യം ചെയ്തതിനു ശേഷം പൂർണ്ണ ആത്മവിശ്വാസമുണ്ടെന്നും സുധാകരൻ ഇന്ന് രാവിലെ കണ്ണൂരിൽ പറഞ്ഞിരുന്നു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി. സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി സന്നദ്ധത അറിയിച്ചെന്ന കാര്യവും സുധാകരൻ തുറന്നുപറഞ്ഞു.

എന്നാൽ ഹൈക്കമാൻഡ് നേതാക്കളുടെ നിർദ്ദേശം മാനിച്ച് തീരുമാനം മാറ്റുകയായിരുന്നുവെന്നും പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും സുധാകരൻ അറിയിച്ചു. കേസിൽ പ്രതിയായതുകൊണ്ടാണ് മാറിനിൽക്കാൻ സന്നദ്ധത അറിയിച്ചത്. എന്നാൽ ഹൈക്കമാന്റ് നേതാക്കൾ ഒഴിയരുതെന്ന് ആവശ്യപ്പെട്ടു. അതോടെ തീരുമാനം പിൻവലിച്ചു. ഇതോടെ ആ ചാപ്റ്റർ അവസാനിച്ചുവെന്നും സുധാകരൻ കണ്ണൂരിൽ വിശദീകരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe