സുപ്രധാന ഇടപെടലുമായി കോടതി: തെലങ്കാനയിലെ നപുംസക നിയമം – 1919 റദ്ദാക്കി ഹൈക്കോടതി ഉത്തരവ്

news image
Jul 10, 2023, 12:29 pm GMT+0000 payyolionline.in

ഹൈദരാബാദ് : തെലങ്കാനയിൽ നിലനിന്നിരുന്ന 1919-ലെ ‘നപുംസക നിയമം’ ഹൈക്കോടതി റദ്ദാക്കി. ട്രാൻസ് ജെൻഡർ വിഭാഗങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ ഇല്ലാതാക്കുന്നതാണ് നിയമമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. ചീഫ് ജസ്റ്റിസ് ഉജ്ജൽ ഭുയാൻ, ജസ്റ്റിസ് സിവി ഭാസ്കർ റെഡ്ഡി എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് തടയാൻ എല്ലാ ട്രാൻസ് ജെൻഡറുകളും ജില്ലാ ആസ്ഥാനങ്ങളിൽ പേരും വിവരങ്ങളും രജിസ്റ്റർ ചെയ്യണമെന്ന ചട്ടമുള്ള നിയമമാണ് റദ്ദാക്കിയത്. 1919-ൽ നിലവിൽ വന്ന നിയമത്തിന്‍റെ പഴയ പേര് ആന്ധ്രാപ്രദേശ് നപുംസക നിയമം എന്നായിരുന്നു. ഇത്തരം കാടൻ നിയമങ്ങൾ നടപ്പാക്കുന്നതിന് പകരം ട്രാൻസ് ജെൻഡർ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസത്തിനും സർക്കാർ ജോലികൾക്കും സംവരണം നൽകാൻ ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു.

ആസര പദ്ധതിയുടെ കീഴിൽ ട്രാൻസ് ജെൻഡറുകൾക്ക് പെൻഷൻ നൽകണമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു. വൈജയന്തി വസന്ത മോഗ്ലി എന്ന ട്രാൻസ്ജെൻഡർ വനിത നൽകിയ ഹർജിയിലാണ് സുപ്രധാന വിധി ഹൈക്കോടതി പുറപ്പെടുവിച്ചത്. ഈ നിയമം ഭരണഘടനയിലെ തുല്യനീതിയും സ്വാതന്ത്ര്യവും ലംഘിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe