ന്യൂഡൽഹി: സുരക്ഷാ വിഭാഗത്തിലെ ഉയർന്ന തസ്തികകളിൽ വിവിധ സോണുകളിലെ ഒഴിവുകൾ ഉടൻ നികത്തണമെന്ന നിർദേശവുമായി റെയിൽവേ ബോർഡ്. ഒഡിഷ ബാലസോറിലുണ്ടായ ട്രെയിൻദുരന്തത്തിനു പിന്നാലെയാണ് ഉത്തരവ്. എല്ലാ സോണുകളിലെയും ജനറൽ മാനേജർമാർക്ക് കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് കത്തയച്ചു. ദീർഘകാലമായി ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ നിയമനം നടത്തണമെന്ന ആവശ്യം റെയിൽവേ ബോർഡ് ഇതുവരെ മുഖവിലയ്ക്ക് എടുത്തിരുന്നില്ല.സോണൽതലത്തിൽ ഒഴിവുകൾ തിട്ടപ്പെടുത്തണം. നിയമനത്തിന് സമയപ്പട്ടിക തയ്യാറാക്കണം. പ്രൊമോഷൻ വഴിയുള്ള നിയമനം ഉടൻ നടത്തണം–- റെയിൽവേ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഉത്തരവിൽ പറഞ്ഞു.
റെയിൽവേയിൽ മൊത്തം 3.14 ലക്ഷം തസ്തിക ഒഴിഞ്ഞുകിടക്കുന്നതായി കഴിഞ്ഞ ഡിസംബറിൽ മന്ത്രി പാർലമെന്റിൽ മറുപടി നൽകിയിരുന്നു. കേന്ദ്രത്തിന്റെ നിയമനനിരോധന നയത്തിന്റെ ഭാഗമായാണ് റെയിൽവേയിൽ തസ്തികകൾ ഒഴിച്ചിട്ടിരിക്കുന്നത്.