കൽപറ്റ: ഗ്രാമപഞ്ചായത്ത് പരിധികളിൽ സുരക്ഷിതമല്ലാത്ത വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾ കർശന നടപടി സ്വീകരിക്കണമെന്ന് ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ. മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിൽ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു ജില്ല കലക്ടർ. മേപ്പാടി തൊള്ളായിരംകണ്ടിയിൽ കഴിഞ്ഞ ദിവസം ടൂറിസ്റ്റ് കേന്ദ്രത്തിലെ ടെന്റ് തകർന്ന് യുവതി മരിച്ചിരുന്നു. തുടർന്ന് ജില്ലയിലെ അനധികൃത ടെന്റ് ടൂറിസത്തെ സംബന്ധിച്ച് മാധ്യമം വാർത്ത നൽകിയിരുന്നു.
സുരക്ഷിതമായ രീതിയിൽ പ്രവർത്തിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങൾക്കും എല്ലാവിധ പിന്തുണയും നൽകണമെന്ന കലക്ടർ പറഞ്ഞു. എന്നാൽ, സുരക്ഷിതമല്ലാത്തവക്കെതിരെ നടപടി കൈക്കൊള്ളണം. തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതി-വാർഡ് സഭ യോഗങ്ങൾ അടിയന്തരമായി ചേരാനും കലക്ടർ നിർദേശിച്ചു. ഗ്രാമപഞ്ചായത്ത് പരിധികളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റാൻ ട്രീ കമ്മിറ്റികൾ ചേരണം. ഭീഷണിയായ വൈദ്യുതി ലൈനുകൾ അടിയന്തരമായി മാറ്റണം.
അടിയന്തര സാഹചര്യങ്ങളിൽ ആളുകളെ മാറ്റി താമസിപ്പിക്കുന്നതിന് സ്ഥലങ്ങൾ കണ്ടെത്തി ആവശ്യമായ ക്രമീകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കണം. ജില്ലയിൽ മഴക്കാലത്തിന് മുന്നോടിയായി പൊതുമരാമത്ത് റോഡ് വിഭാഗത്തിനു കീഴിലെ 80 ശതമാനം ജോലികൾ പൂർത്തിയാക്കി. ഗ്രാമപഞ്ചായത്ത് പരിധികളിൽ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റണം. ജലജന്യരോഗ വ്യാപനം തടയാൻ ക്ലീൻ ഡ്രൈവുകൾ സംഘടിപ്പിക്കണം. പൊതു ഇടങ്ങളിലെ കുടിവെള്ള സ്രോതസ്സുകൾ, സ്കൂളുകളിലെ കുടിവെള്ള വിതരണ സംവിധാനങ്ങൾ എന്നിവ കൃത്യമായി പരിശോധിക്കണം.
ഉന്നതികളിൽ വിതരണം ചെയ്യേണ്ട ഭക്ഷ്യ കിറ്റുകൾ വേഗത്തിൽ വിതരണം ചെയ്യാനും ജില്ല കലക്ടർ നിർദേശിച്ചു. ടൗണുകളിലും റോഡരികുകളിലും അപകടകരമാംവിധം സ്ഥാപിച്ച ബോർഡുകൾ, ഫ്ലക്സ് ബോർഡുകൾ എന്നിവ മാറ്റണം. കലക്ടറേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ ചേർന്ന യോഗത്തിൽ എ.ഡി.എം കെ. ദേവകി, ജില്ലതല ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, വില്ലേജ് ഓഫിസർമാർ എന്നിവർ പങ്കെടുത്തു.