സുരക്ഷിത സ്ഥലത്ത്‌ ടൗൺഷിപ്പ്‌, വയനാടിൽ പുനരധിവാസം എത്രയും പെട്ടന്ന്‌ പൂർത്തിയാക്കും: മുഖ്യമന്ത്രി

news image
Aug 3, 2024, 9:46 am GMT+0000 payyolionline.in

തിരുവനന്തപരും: വയനാട്‌ ദുരന്തത്തിൽ ഉൾപ്പെട്ടവരുടെ പുനരധിവാസം എത്രയും പെട്ടന്ന്‌ പൂർത്തിയാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ രക്ഷാപ്രവർത്തനങ്ങൾ സജീവമായി നടക്കുന്നുണ്ടെന്നും ഇതിന്‌ ശേഷം പുനരധിവാസത്തിന്‌ പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിൽ വലിയ പ്രദേശം ഇല്ലാതായ സാഹചര്യത്തിൽ പ്രത്യേകം ടൗൺഷിപ്പ്‌ നിർമ്മിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രക്ഷാപ്രവർത്തനത്തിലുടെ എല്ലാവരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക്‌ എത്തിക്കാനാണ്‌ ശ്രമിച്ചത്‌. ദുരന്തത്തിൽ ഇനി കണ്ടെത്താനുള്ളത് 206 പേരെയാണ്. 215 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിൽ 98പുരുഷന്മാരും 87 സ്ത്രീകളും 30 കുട്ടികളുമാണുള്ളത്. 143  ശരീരഭാ​ഗങ്ങൾ ഇതുവരെ കണ്ടെത്തി. 212 മൃതദേഹങ്ങളുടെയും 140 ശരീര ഭാഗങ്ങളുടെയും പോസ്റ്റുമോര്‍ട്ടം പൂർത്തിയാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

148 മൃതദേഹം ബന്ധുകള്‍ തിരിച്ചറിയുകയും 119 മൃതദേഹം ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു. തിരിച്ചറിയാത്ത 67 മൃതദേഹങ്ങളും 87 ശരീരഭാഗങ്ങളുമാണുള്ളത്. ഇവ ജില്ലാ ഭരണകൂടത്തിന് കൈമാറി. 504 പേരെ ദുരന്തപ്രദേശത്ത് നിന്നും ആശുപത്രികളില്‍ എത്തിച്ചു. ഇതിൽ 81 പേർ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലായി ഇപ്പോൾ ചികിത്സയിലുണ്ട്. 205 പേരെ ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. ഉരുൾപൊട്ടൽദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച പത്ത് ക്യാമ്പുകളിലായി 1707 പേർ കഴിയുന്നതായും അദ്ദേഹം അറിയിച്ചു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe