സുരേഷ് ഗോപിക്ക് തൃശൂരിൽ മത്സരിക്കാൻ ഇഡി കളമൊരുക്കുന്നു: എം.വി. ഗോവിന്ദൻ

news image
Oct 2, 2023, 1:49 am GMT+0000 payyolionline.in

കണ്ണൂർ ∙ ബിജെപി സ്ഥാനാർഥിയായി സുരേഷ് ഗോപിക്ക് തൃശൂരിൽ മത്സരിക്കാൻ കളമൊരുക്കുകയാണ് ഇഡിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പയ്യാമ്പലത്ത് കോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്കായി പണിത സ്തൂപം അനാഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശാസ്ത്രീയമായ അന്വേഷണമല്ല ഇഡി നടത്തുന്നത്. ഒരാളെ ശാരീരികമായി ആക്രമിക്കാൻ ഇഡിക്ക് എന്ത് അധികാരമാണുള്ളതെന്നു ഗോവിന്ദൻ ചോദിച്ചു. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കുന്നതിനായി ആസൂത്രിത തിരക്കഥയുണ്ടാക്കി പ്രവർത്തിക്കുകയാണവർ.

വലതുപക്ഷ ആശയ നിർമിതിക്കു വേണ്ടി പ്രവർത്തിക്കുകയാണു മാധ്യമങ്ങളെന്നും ഗോവിന്ദൻ പറഞ്ഞു. ആ പ്രവർത്തനം പരിഹാസ്യമായി തീരുകയാണ്. പട്ടാളക്കാരനെ ചാപ്പകുത്തിയെന്നു പ്രചരിപ്പിച്ചു. ആരോഗ്യമന്ത്രിയുടെ സ്റ്റാഫിൽ പെട്ടയാൾക്കെതിരെ കൈക്കൂലി ആരോപണം  വാർത്തയാക്കി. അതു പൊളിഞ്ഞപ്പോൾ മാധ്യമങ്ങൾക്കു മിണ്ടാട്ടമില്ല. പി.ആർ.അരവിന്ദാക്ഷന്റെ അമ്മയ്ക്ക് എതിരെപോലും തെറ്റിദ്ധാരണ പ്രചരിപ്പിച്ചു. വാർത്ത വസ്തുതാപരമായി തെറ്റായിരുന്നുവെന്ന് ഒരു മാധ്യമവും പറഞ്ഞില്ലെന്നു ഗോവിന്ദൻ കുറ്റപ്പെടുത്തി. പയ്യാമ്പലത്തെ കോടിയേരി സ്മാരകത്തിൽ നേതാക്കളും കോടിയേരിയുടെ കുടുംബാംഗങ്ങളും പുഷ്പാർച്ചന നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe