ന്യൂഡൽഹി: ഗോത്ര വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ ഉന്നതകുലജാതന്‍ ആദിവാസിക്ഷേമ മന്ത്രിയാകണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാമർശം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയിൽ നോട്ടിസ്. സിപിഐ അംഗം സന്തോഷ് കുമാറാണ് ഇക്കാര്യം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടിസ് നൽകിയത്.
‘ട്രൈബൽ വകുപ്പിന്റെ മന്ത്രിയാകണം എന്നത് ഉന്നതകുലജാതനായ തന്റെ ആഗ്രഹമായിരുന്നു. അക്കാര്യം മോദിയോട് പറഞ്ഞിരുന്നു. ഗോത്രവിഭാഗക്കാരുടെ കാര്യം ബ്രാഹ്‌മണനോ നായിഡുവോ നോക്കട്ടെ. അപ്പോൾ വലിയ മാറ്റങ്ങളുണ്ടാകും. പക്ഷെ നമ്മുടെ നാട്ടിൽ ചില ചിട്ടവട്ടങ്ങളുണ്ട്. ഗോത്രവർഗത്തിൽ നിന്നുള്ളവർക്ക് മാത്രമേ ആ വകുപ്പ് കിട്ടുകയുള്ളൂ’–- ഡൽഹിയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയിൽ സുരേഷ് ഗോപി പറഞ്ഞു.
പരാമർശം വിവാദമായതോടെ അത് പിൻവലിക്കുന്നതായി പിന്നീട് മറ്റൊരു തെരഞ്ഞെടുപ്പ് യോഗത്തിനിടെ സുരേഷ് ഗോപി പറഞ്ഞു. രാവിലത്തെ തന്റെ പരാമർശം മാധ്യമങ്ങൾ വളച്ചൊടിച്ചു. പരാമർശം സദുദ്ദേശ്യപരമായിരുന്നു. വേർതിരിവിനെ പറ്റിയാണ് പറഞ്ഞത്. പറഞ്ഞതും വിശദീകരിച്ചതും ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രസ്‌താവന പിൻവലിക്കുന്നു. എല്ലാവരുടെയും നല്ലതിന് വേണ്ടിയാണ് പറഞ്ഞത്. ഹൃദയത്തിൽ നിന്ന് വന്ന വാക്കുകളാണ്. മാധ്യമങ്ങൾ മുഴുവനും നൽകിയില്ല. അട്ടപ്പാടിയിൽ പോയി ചോദിച്ചാൽ അറിയാം താനാരാണെന്ന്–- സുരേഷ് ഗോപി പറഞ്ഞു.
ട്രൈബൽ വകുപ്പിന്റെ മന്ത്രി ഉന്നതകുലജാതനാകണമെന്ന സുരേഷ് ഗോപിയുടെ പരാമർശം ഭരണഘടനാ ലംഘനമാണെന്ന് സിപിഐഎം ലോക്‌സഭാ നേതാവ് കെ രാധാകൃഷ്‌ണൻ പറഞ്ഞു. സുരേഷ് ഗോപി ട്രൈബൽ മന്ത്രിയാകുന്നതിൽ തെറ്റില്ല. എന്നാൽ ഉന്നതകുലജാതൻ തന്നെ ആദിവാസിക്ഷേമ മന്ത്രിയാകണം എന്ന് പറയുന്നത് ഭരണഘടനാവിരുദ്ധമാണ്. ഭരണഘടന തൊട്ട് സത്യംചെയ്‌താണ് അദേഹം അധികാരത്തിൽ ഇരിക്കുന്നത്. ഇന്ത്യൻ ഭരണഘടന എല്ലാവർക്കും തുല്യതയാണ് കൊടുക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കൂടി അപമാനിക്കുകയാണ് ഈ പരാമർശത്തിലൂടെ. മന്ത്രി എന്ന ധാരണ പോലുമില്ലാതെയാണ് ഇത്തരം പരാമർശങ്ങൾ. രാഷ്ട്രപതിയെ കുറിച്ച് മോശമായി പറഞ്ഞുവെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സോണിയാ ഗാന്ധിയെ വിമർശിച്ചു. എന്തുകൊണ്ട് സുരേഷ് ഗോപിയുടെ പരാമർശത്തെ കുറിച്ച് പ്രതികരിക്കുന്നില്ല. സ്വന്തം മന്ത്രിസഭയിലെ അംഗമല്ലെ.
ജാതിഅവശിഷ്ടങ്ങൾ ഇപ്പോഴും സമൂഹത്തിൽ തുടരുന്നു എന്നതിന് തെളിവാണ് മന്ത്രിയുടെ വാക്കുകൾ. പാവപ്പെട്ടവർ അദ്ധ്വാനിച്ചുണ്ടാക്കുന്ന ഭക്ഷണം ഉന്നതകുലജാതർക്ക് കഴിക്കാം. അതിൽ അയിത്തമില്ല. ഉന്നതകുലജാതർ ഭരിച്ചിട്ട് ദാരിദ്ര്യം ഇല്ലാതാകുന്നില്ലലോ. മന്ത്രിയുടെ പരാമർശം ഭരണഘടനയോടുള്ള അനീതിയാണ്. ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല എന്ന് തെളിയിച്ചിരിക്കുകയാണ്–- കെ രാധാകൃഷ്‌ണൻ പറഞ്ഞു.