സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: വനംവകുപ്പ് അ​ന്വേഷണം തുടങ്ങി; പരാതിക്കാരന് നോട്ടീസയച്ചു

news image
Jul 11, 2025, 9:41 am GMT+0000 payyolionline.in

തൃശൂർ: സുരേഷ് ​ഗോപിയുടെ പുലിപ്പല്ല് മാലയിൽ വനംവകുപ്പ് നടപടി തുടങ്ങി. ഇതിന്റെ ആദ്യപടിയെന്ന നിലക്ക് വനംവകുപ്പ് പരാതിക്കാരന് നോട്ടീസയച്ചു. പട്ടിക്കാട് റേഞ്ച് ഓഫീസറാണ് നോട്ടീസ് നൽകിയത്.

ഈ മാസം 21ാം തീയതി പട്ടിക്കാട് റേഞ്ച് ഓഫീസിൽ ഹാജരായി ഇതുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും ഹാജരാക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. തെളിവുകൾ കൈമാറാത്തപക്ഷം പരാതിക്കാരന് ഒന്നും ബോധിപ്പിക്കാനില്ലെന്ന് കണക്കാക്കുമെന്നും വനംവകുപ്പിന്റെ നോട്ടീസിൽ വ്യക്തമാക്കുന്നു. ഐഎൻടിയുസി യുവജനവിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മുൻ ദേശീയ വക്താവുമായ മുഹമ്മദ് ഹാഷിമാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്.

സുരേഷ് ഗോപി ചെയ്തത് വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് പരാതിക്കാരൻ ആരോപിച്ചിരുന്നു. പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണമെന്നും നിയമം സംരക്ഷിക്കാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സുരേഷ് ഗോപിയുടെ നിയമലംഘനം ഭരണഘടനാലംഘനവും ഗുരുതരമായ കൃത്യവിലോപവുമാണെന്നും പരാതിക്കാരന്‍ വ്യക്തമാക്കിയിരുന്നു.

റാപ്പര്‍ വേടന്‍ (ഹിരണ്‍ദാസ്) പുലിപ്പല്ല് കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിഷയവും ഉയര്‍ന്നുവന്നത്.

മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതിനു പിന്നാലെ വനംവകുപ്പ് വേടനെ അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ കോടനാട്ടെ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് നടപടി. പുലിപ്പല്ല് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നും ഒറിജിനൽ ആണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് വേടന്റെ മൊഴി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe