തിരുവനന്തപുരം: എസ്.സി-എസ്.ടി കോർപറേഷനിൽ വായ്പാ കുടിശിക തീർപ്പാക്കാൻ പ്രത്യേക പദ്ധതി. കോർപറേഷന്റെ സുവർണജൂബിലി വാർഷികം പ്രമാണിച്ചാണ് 60 ശതമാനം വരെ പലിശയിളവും നൽകുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചു.
റവന്യു റിക്കവറി നേരിടുന്നവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. 10 വർഷത്തിനുമുകളിൽ കുടിശിക ആയിട്ടുള്ളവർക്കാണ് പലിശയിലും പിഴ പലിശയിലും 60 ശതമാനം ഇളവ് നൽകുന്നത്. 6 വർഷം മുതൽ 10 വർഷം വരെ 50 ശതമാനവും 3 മുതൽ 6 വർഷം വരെ 40 ശതമാനവും ഇളവ് ലഭിക്കും.
ഒരു വർഷം മുതൽ 3 വർഷം വരെ കുടിശികയുള്ളവർക്ക് 30 ശതമാനവും ഒരു വർഷം വരെ കുടിശികയുള്ളവർക്ക് 20 ശതമാനവും ഇളവ് ലഭിക്കും. കോർപറേഷന്റെ പ്രവർത്തനം കൂടത്ൽ പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. കോർപറേഷന്റെ പുതിയ ലോഗോയും മന്ത്രി പ്രകാശനം ചെയ്തു.