സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്ത് നിന്ന് 4 മൃതദേഹം കണ്ടെത്തി; മൃതദേഹം എയര്‍ലിഫ്റ്റ് ചെയ്യും

news image
Aug 9, 2024, 8:30 am GMT+0000 payyolionline.in

വയനാട്: സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്ത് നിന്ന്  4 മൃതദേഹം കണ്ടെത്തി. മൂന്ന് മൃതദേഹങ്ങളും ഒരു ശരീര ഭാഗവുമാണ് കണ്ടെത്തിയത് എന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി 11 ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. സന്നദ്ധ പ്രവര്‍ത്തകരും രക്ഷാദൗത്യ സംഘവും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ എയര്‍ലിഫ് ചെയ്ത് സുല്‍ത്താല്‍ ബത്തേരിയിലേക്ക് കൊണ്ടുവരും എന്നാണ് വിവരം. തുടര്‍ന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തും.

അതേസമയം, ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുണ്ടക്കൈ അങ്ങാടിക്ക് സമീപം രണ്ടിടങ്ങളിൽ പരിശോധന നടത്തുകയാണ്. പൊലീസ് നായയെ എത്തിച്ചാണ് പരിശോധന. ചെളി അടിഞ്ഞുകൂടിയ പ്രദേശത്ത് തെരച്ചിൽ ദുഷ്കരമാണ്. മണ്ണുമാന്തി യന്ത്രങ്ങളും ഇവിടേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണ്. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി പതിനൊന്നാം ദിവസമായി ഇന്ന് പ്രദേശത്ത് ജനകീയ തെരച്ചിലാണ് നടക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധു വീടുകളിലും കഴിയുന്നവരെ കൂടി ഉൾപ്പെടുത്തിയുള്ള തെരച്ചിലാണ് ഇന്ന് നടത്തുന്നത്. പ്രധാന മേഖലകളിലെല്ലാം തെരച്ചിൽ നടന്നതാണെങ്കിലും ബന്ധുക്കളിൽനിന്ന് കിട്ടുന്ന വിരത്തിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന തെരച്ചിൽ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഉരുൾപൊട്ടലുണ്ടായ പ്രദേശത്തെ 6 മേഖലകളാക്കി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്.

അതിനിടെ, വയനാട്ടിൽ എന്‍ഡിആര്‍എഫ് തെരച്ചിൽ തുടരുമെന്നും എത്ര ദിവസം എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും എന്‍ഡിആര്‍എഫ് മേധാവി പിയൂഷ് ആനന്ദ് ഐപിഎസ് അറിയിച്ചു. സർക്കാർ ആവശ്യപ്പെട്ടാൽ പ്രദേശവാസികളെ ഉൾപ്പെടുത്തി രക്ഷാദൗത്യം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe