സൂര്യയുടെ ജീവനെടുത്തത് അരളിപ്പൂവോ, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ചെടിയും പൂവും വിഷമെന്ന് വിദഗ്ധര്‍

news image
May 3, 2024, 11:47 am GMT+0000 payyolionline.in

ഹരിപ്പാട്: യുകെയിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തി കുഴഞ്ഞുവീണ് മരിച്ച നഴ്സ് സൂര്യ സുരേന്ദ്രന്‍റെ മരണത്തിന് കാരണം അരളിപ്പൂവാണെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. അയല്‍വാസികളോട് യാത്ര പറയാനെത്തിയപ്പോള്‍ അശ്രദ്ധമായി അരളിപ്പൂവ് ചവയ്ക്കുകയും കുറച്ച് ഭാഗം അറിയാതെ വിഴുങ്ങുകയും ചെയ്തിരുന്നുവെന്ന് സൂചനയുണ്ട്. ആന്തരിക അവയവങ്ങളുടെ  ഫോറന്‍സിക് പരിശോധനാ ഫലം കൂടി പുറത്ത് വന്നാലെ മരണകാരണം അന്തിമമായി  വ്യക്തമാകൂവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ലണ്ടനില്‍  ജോലി കിട്ടി പുറപ്പെടുന്നതിന് മുമ്പ് അയല്‍വീട്ടിലേക്ക് യാത്ര പറയാന്‍ പോയിരുന്നു.

ഇതിനിടെ ഫോണില്‍ സംസാരിക്കുന്നതിനിടെ മുറ്റത്ത് പൂചെടിയില്‍ വളര്‍ത്തുന്ന അരുളിയുടെ ഇലയും പൂവും നുള്ളി വായിലിട്ട് ചവച്ചു. തുടര്‍ന്ന് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട സൂര്യ വഴിനീളെ ഛര്‍ദ്ദിച്ചു. ഇമിഗ്രേഷന്‍ ചെക്കിംഗിനിടെ കുഴഞ്ഞുവീണ സൂര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അകാലത്തില്‍ മകളെ നഷ്ടപ്പെട്ടതിന്‍റെ ആഘാതത്തിലാണ്ഹരിപ്പാട്ടെ സുരേന്ദ്രന്‍- അനിത ദമ്പതികള്‍. ഏറെ നാള്‍ പ്രതീക്ഷയോടെ കാത്തിരുന്ന ജോലിയായിരുന്നു സൂര്യക്ക് ലഭിച്ചത്. എസ്എസ്എല്‍സി മുതല്‍ ബിഎസ് സി നഴ്സിങ് വരെ പാസായത് ഉയര്‍ന്ന മാര്‍ക്ക് നേടിയാണ് സൂര്യ പാസായത്.

വിദേശ ജോലി എന്നത് ഏറെ കാലമായുള്ള ആഗ്രഹമായിരുന്നുവെന്നും കുടുംബം പറയുന്നു. അരളിയുടെ എല്ലാ ഭാഗങ്ങളും വിഷാംശം ഉള്ളതാണെന്നും ശരീരത്തിനുള്ളില്‍ കടന്നാല്‍ നേരിട്ട് ഹൃദയത്തെ ബാധിക്കുമെന്നും സൂര്യയുടെ  പോസ്റ്റ്മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ  ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വകുപ്പ് മേധാവി ഡോക്ടര്‍ ഷരീജ  ജയപ്രകാശ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe